ധനുഷിന്റെ 51 മത്തെ ചിത്രമാണ് ഡിഎൻഎസ്. രശ്മിക മന്ദാന നായികയാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശേഖർ കമ്മൂലയാണ്. ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ടൈറ്റിൽ ഗ്ലിംപ്സ് മഹാശിവരാത്രി ദിനമായ നാളെ വൈകിട്ട് പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണ കമ്പനിയായ ഡ്രീംസ് എന്റർടെയ്ൻമെന്റ് യുകെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുപ്പതിയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ഡിഎൻഎസ്. ശേഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് ചിത്രവുമാണിത്. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.