ശ്രീവില്ലിപുത്തൂർ: മധുര ജില്ലയിലെ ചതുരഗിരി സുന്ദര മഹാലിംഗ ക്ഷേത്രത്തിലേക്കുള്ള മലകയറ്റത്തിനിടെ ഭക്തർ ഹൃദയാഘാതം മൂലം വീണു മരിക്കുന്നത് തുടർക്കഥയാകുന്നു. ചെന്നൈയിലെ പള്ളിക്കരണൈ, തഞ്ചാവൂർ സ്വദേശികളായ രണ്ട് ഭക്തരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചത്.
ഈ തീർത്ഥാടനപാതയിൽ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാലാണ് തീർഥാടകർ ഹൃദയാഘാതം മൂലം മരിക്കുന്നത്. തമിഴ് നാട് മെഡിക്കൽ, ഹിന്ദുമത ചാരിറ്റീസ് വകുപ്പും മധുര, വിരുദുനഗർ ജില്ലാ ഭരണകൂടങ്ങളും ചികിത്സാ സൗകര്യം ഒരുക്കാതെ ഉദാസീനത പാലിക്കുകയാണെന്ന് ഭക്തർ ആരോപിക്കുന്നു.
മുൻപൊക്കെ പ്രാദേശികമായുള്ള ഭക്തർ മാത്രമാണ് ഈ ക്ഷേത്രം സന്ദർശിച്ചിരുന്നത്. ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും തീർഥാടകർ ദർശനം നടത്തുന്നുണ്ട്.
മുൻകൂർ ആവശ്യപ്പെട്ടിട്ടും വിരുദുനഗർ, മധുരൈ ജില്ലാ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റുകൾ വരുന്നില്ല’ എന്നാണ് ഇത് സംബന്ധിച്ച് ക്ഷേത്രഭരണസമിതി പറയുന്നത്. ‘ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ ഉദ്യോഗസ്ഥർക്ക് അടിവാരത്തും മലയിലും ക്ഷേത്ര ഭരണസമിതി താമസ സൗകര്യവും ശുചിമുറി സൗകര്യവും ഒരുക്കുന്നില്ല’ എന്ന പരാതിയിലാണ് മെഡിക്കൽ വിഭാഗം.
മധുര, വിരുദുനഗർ കലക്ടർമാരും ഉദ്യോഗസ്ഥരും ആടി, തായ് അമാവാസികളിൽ മാത്രം ആലോചനാ യോഗങ്ങളിൽ പങ്കെടുക്കുകയും മെഡിക്കൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു മാസങ്ങളിൽ ഭക്തർക്ക് ചികിത്സാ സൗകര്യം ഒരുക്കാറില്ല. അതിനാൽ ഭക്തർക്ക് വൈദ്യസഹായം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇരു ജില്ലാ ഭരണകൂടങ്ങളും മുന്നോട്ടുവരണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെടുന്നു.

തമിഴ്നാട്ടിൽ മധുര ജില്ലയിലെ ശ്രീവില്ലിപുത്തൂരിന് സമീപത്തുള്ള താണിപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ മല,18 സിദ്ധന്മാരും ഒന്നിച്ചു വസിച്ച്, തപസ്സനുഷ്ഠിച്ചു വന്ന സ്ഥലമാണ്.നാലുവേദങ്ങളിലെ അറിവുകളും സംഗമിക്കുന്ന ഈ മലയ്ക്ക് മറ്റു മലകളിൽ നിന്ന് വ്യത്യസ്ഥമായി ചതുരാകൃതിയാണുള്ളത്. അതുകൊണ്ടു തന്നെ ഇത് ചതുരഗിരി എന്ന പേരിൽ അറിയപ്പെടുന്നു.
ഇവിടെയുള്ള ചെടികളും വൃക്ഷങ്ങളുമെല്ലാം, സിദ്ധന്മാർ നട്ടുവളർത്തിയ ഔഷധച്ചെടികളാണ്. അതുകൊണ്ടു തന്നെ ഈ സ്ഥലം മൂലികൈക്കാട് (ഔഷധ വനം) എന്നാണ് വിളിക്കപ്പെടുന്നത്. 18 സിദ്ധന്മാരും ചേർന്ന് നടത്തിയ ശിവലിംഗ പ്രതിഷ്ഠയാണ് സുന്ദര മഹാലിംഗ ക്ഷേത്രത്തിലേത്. മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ചരിഞ്ഞ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമാവാസിക്കും, പൗർണ്ണമിയ്ക്കും മൂന്നു -നാല് ദിവസം വീതം ഒരു മാസത്തിൽ ആറ് – എട്ടു ദിവസം മാത്രമേ ചതുരഗിരി മലയിലേയ്ക്ക് സന്ദർശകരെ അനുവദിക്കുകയുള്ളൂ.
വൈദ്യുതി എത്താത്ത കൊടുങ്കാട്ടിലെ മലഞ്ചരിവിലൂടെ നാലഞ്ചു മണിക്കൂർ നടന്നാൽ മാത്രമേ മലമുകളിലെ സുന്ദരമഹാലിംഗ ക്ഷേത്രത്തിലെത്താൻ പറ്റൂ . ദുർഘടമായ കാട്ടുപാതയിലൂടെ സഞ്ചരിയ്ക്കാനാകാതെ ദേഹം തളർന്ന് പലരും യാത്ര മതിയാക്കി തിരിച്ചുപോവുകയാണ് പതിവ്. കാട്ടിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രവും, മലമുകളിലെ നവഗ്രഹ പ്രതിഷ്ഠയും, സിദ്ധന്മാർ തപസ്സനുഷ്ഠിക്കുന്ന ഗുഹകളുമെല്ലാം ചതുരഗിരിയെ ആത്മീയതയുടെ ഈറ്റില്ലമാക്കുന്നു.
സാധരണയായി പ്രദോഷ ദിവസം മുതൽ നാല് ദിവസത്തേക്ക് പൗർണ്ണമി, അമാവാസി ദിനങ്ങൾ വരെ , ഈ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം അനുവദിക്കാറുണ്ട് എങ്കിലും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. തായ്, ആടി അമാവാസി ഒഴികെ താണിപ്പാറ മലയുടെ താഴ്വാരത്തിലും ക്ഷേത്രത്തിലേക്കുള്ള വഴിയിലും മലയിലും മെഡിക്കൽ സംഘമില്ല, മറ്റു മാസങ്ങളിലെ അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ നിരവധി ഭക്തർ ദർശനത്തിന് എത്താറുണ്ട്. മലകയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുന്ന ഭക്തർക്ക് അടിയന്തര ചികിത്സ ലഭിക്കാതെ മരണഭീഷണിയിലാണ്.















