ദേശീയതയിലൂന്നി നിലപാടുകൾ വ്യക്തമാക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. താൻ ഒരു ദേശീയവാദിയാണെന്നും രാജ്യത്തെ ഇകഴ്ത്തിക്കെട്ടുന്ന നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും പല അവസരങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യത്തിൽ അംഗമാകാൻ ആഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു ഉണ്ണി മുകുന്ദൻ. എന്നാൽ, പിന്നീട് സിനിമയിലേയ്ക്ക് കടന്നു വന്നു. ഇപ്പോഴിതാ, ദേശസ്നേഹം തുളുമ്പുന്ന ഒരു സൈനിക ചിത്രം തന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം എന്ന സൂചന നൽകിയിരിക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരിക്കുന്നത്.
“ഒരു സൈനിക ചിത്രം ഉടൻ പ്രതീക്ഷിക്കാം. എന്റെ സ്വന്തം പ്രൊഡക്ഷനിൽ ഇത് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് വലിയ ബഡ്ജറ്റിലുള്ളതാണെങ്കിൽ മറ്റ് പലരും അതിന്റെ ഭാഗമായേക്കാം. ഇതൊരു മലയാള സിനിമയായിരിക്കും, പക്ഷേ ബഹുഭാഷാ ഫോർമാറ്റിലായിരിക്കും. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനൊരു ദേശീയവാദിയാണ്. 200 വർഷത്തെ അപമാനം, വിഭജനം. ഭാരതത്തിലെ ജനങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. രാജ്യ സ്നേഹം തുളുമ്പുന്ന വീഡിയോകൾ കാണുമ്പോഴെല്ലാം എനിക്ക് നിരാശ തോന്നുന്നു. നിങ്ങൾ ഈ നാട്ടിലാണ് ജനിച്ചതെങ്കിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്. ഉയർന്നുവരാനുള്ള എല്ലാ സാധ്യതകളും എന്റെ രാജ്യത്തിനുണ്ട്”.
“കുട്ടിക്കാലത്ത് ഭഗത് സിംഗ് എഴുതിയ ഒരു കത്ത് ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ചത് ഞാൻ വായിച്ചതായി ഓർക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 23-കാരൻ. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല. അതിൽ ഞാൻ ഖേദിക്കുന്നു. എന്നാൽ ഞാനീ സമൂഹത്തിന്റെ ഭാഗമായതിനാൽ രാജ്യത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഏറ്റവും വൈവിധ്യമാർന്ന, സഹിഷ്ണുതയുള്ള, ലിബറൽ രാജ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് എപ്പോഴും ഒന്നാമത്. പ്രക്ഷുബ്ധതയ്ക്കിടയിലും, രാജ്യം മുന്നോട്ട് പോയി. അതിൽ നമ്മൾ അഭിമാനിക്കണം. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല”- ഉണ്ണി മുകുന്ദൻ പറഞ്ഞു.