മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറായെത്തി പ്രേക്ഷകരെ ഖാലിദ് റഹ്മാൻ ഞെട്ടിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ സിനിമാ റിവ്യൂവേഴ്സെന്ന് സ്വയം പ്രഖ്യാപിക്കുന്ന പലർക്കും സിനിമയിൽ ഖാലിദ് റഹ്മാനെ മനസിലായില്ലായിരുന്നു. ഡ്രൈവർ പ്രസാദ് എന്ന കഥാപാത്രമായാണ് സിനിമയിൽ ഖാലിദ് എത്തിയത്. ഇത്തരത്തിൽ ഖാലിദ് റഹ്മാനുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഇപ്പോഴിതാ, ഖാലിദ് റഹ്മാന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട സൂചനകളാണ് പുറത്തു വരുന്നത്. നസ്ലിൻ, ലുക്ക്മാൻ, ഗണപതി എന്നിവരുടെ ഒരു സ്റ്റിൽ ഫോട്ടോയാണ് പുതിയ ചർച്ചകൾക്ക് കാരണം. ‘തല്ലുമാല’യ്ക്കു ശേഷം വീണ്ടുമൊരു ‘അടിപ്പട’വുമായാണ് ഖാലിദ് എത്തുന്നതെന്നും അതിനുളള തയാറെടുപ്പിലാണ് നസ്ലിനും സംഘവുമെന്ന തരത്തിലാണ് നിരവധി വാർത്തകൾ നിറയുന്നത്.
ബോക്സിംഗ് പ്രമേയമാക്കി കോമഡി ആക്ഷൻ ത്രില്ലറാണ് ഒരുങ്ങുന്നതെന്നും സൂചനകളുണ്ട്. ഇതിന്റെ ഭാഗമായുള്ള ബോക്സിംഗ് പരിശീലനത്തിലാണ് നസ്ലിൻ, ലുക്ക്മാൻ, ഗണപതി തുടങ്ങിയ താരങ്ങളെന്നുമാണ് പോസ്റ്റ്. പക്ഷെ, ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.