കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മലപ്പുറം സ്വദേശി മുജീബ് റഹ്മാനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനുവിന്റെ ആഭരണങ്ങൾ കവരാനായി തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ മോഷണ കേസുകളിലും ബലാത്സംഗക്കേസിലും ഉൾപ്പെട്ട പ്രതിയാണ് ഇയാൾ.
വാളൂരിലെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയ യുവതിക്ക് വഴിയിൽ വച്ച് പ്രതി ലിഫ്റ്റ് നൽകുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ എത്തിയ ഇയാൾ വാളൂരിലെ തോടിന് സമീപമെത്തിയപ്പോൾ അനുവിനെ തള്ളിയിടുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ തല ചവിട്ടിപ്പിടിച്ച് തോട്ടിൽ മുക്കുകയുമായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ആഭരണങ്ങൾ കവർന്നെടുത്ത് ഇയാൾ കടന്നു കളഞ്ഞു. തുടർന്ന് പുല്ല് അരിയാൻ വന്ന പ്രദേശവാസികളാണ് അനുവിന്റെ മൃതദേഹം കണ്ടത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നാണ് കാണിച്ചിരുന്നത്. എന്നാൽ ശ്വാസകോശത്തിൽ നിന്നും തോട്ടിലെ കട്ടിയുള്ള മണ്ണിന്റെ അംശം കണ്ടെത്തിയതും മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലില്ലെന്നതും പോലീസിന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടി. തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടത്. മോഷ്ടിച്ച ബൈക്കുമായി എത്തി ആർക്കെങ്കിലും ലിഫ്റ്റ് കൊടുത്തോ അല്ലാതെയോ കവർച്ച നടത്തുന്നത് ഇയാളുടെ സ്ഥിരം കളവ് രീതിയാണെന്ന് പോലീസ് പറഞ്ഞു.















