ഇടുക്കി: മൂന്നാറിനെ വീണ്ടും പരിഭ്രാന്തിയിലാക്കി പടയപ്പയുടെ പരാക്രമം. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ പടയപ്പ കടകൾ തകർക്കുകയും ഇതിനുള്ളിലുണ്ടായിരുന്ന ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച ആനയെ ആർആർടി സംഘം സ്ഥലത്തെത്തി തുരത്തി.
പടയപ്പ ജനവാസമേഖലകളിൽ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വിനോദസഞ്ചാരികളുടെ കാറിന് നേരെയും ആന പാഞ്ഞടുത്തിരുന്നു. കാറിനുള്ളിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി. വനംവകുപ്പിന്റെ അനാസ്ഥയാണ് തുടരെ തുടരെയുള്ള വന്യജീവി ആക്രമണങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.