കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ. കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ കേസിലെ മുഖ്യപ്രതി മുജീബിനെ സഹായിച്ചത് അബൂബക്കറായിരുന്നു.
കഴിഞ്ഞ 12-ാം തീയതിയാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 11-ാം തീയതി രാവിലെയാണ് വാളൂരിലെ വീട്ടിൽ നിന്നുപോയ അനുവിനെ കാണാതാകുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഒരാൾ മുങ്ങി മരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ലെന്നത് ദുരൂഹതയുണർത്തിയിരുന്നു.
സംഭവദിവസം അനു ഒരു ബൈക്കിൽ കയറിപ്പോകുന്നതായി നാട്ടുകാരിയുടെ മൊഴിയുണ്ടായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതോടിച്ചിരുന്ന കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആഭരണങ്ങൾ കാണാതായത് സംശയമുണ്ടാക്കിയെന്നും നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതി മുജീബിനെ പിടികൂടിയതെന്നും റൂറൽ എസ്.പി. അരവിന്ദ് സുകുമാർ പറഞ്ഞു.















