തൃശൂർ: സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതികരിച്ച് കലാമണ്ഡലം ഗോപി. വിവാദങ്ങൾ ഒഴിവാക്കണമെന്നും സുരേഷ് ഗോപി എപ്പോൾ വന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കലാമണ്ഡലം ഗോപി.
‘വിവാദങ്ങൾ മനോവിഷമം ഉണ്ടാക്കി. സുരേഷ് ഗോപി എപ്പോൾ വന്നാലും സന്തോഷത്തോടെ സ്വീകരിക്കും. അദ്ദേഹത്തിന്റെ മാനസിക വിഷമം മാറ്റണം. വിവാദങ്ങൾ ഒഴിവാക്കണം. രാഷ്ട്രീയക്കാരാകുമ്പോൾ പല വിമർശനങ്ങളും നേരിടേണ്ടി വരും. സുരേഷ് ഗോപിയുമായി തനിക്കുള്ളത് വളരെ വർഷക്കാലത്തെ സ്നേഹബന്ധമാണ്. സ്നേഹബന്ധം പുലർത്താൻ വേണ്ടി രാഷ്ട്രീയക്കളി കളിക്കേണ്ട കാര്യം ആർക്കുമില്ല’- കലാമണ്ഡലം ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളില്ലെന്നും തങ്ങൾക്ക് പരസ്പരം കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.