കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ആർഷൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എറണാകുളം സ്വദേശി നീനുവിനെയാണ് പ്രതി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂനന്തായി എകെജി നഗർ റോഡിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ യുവതി സമീപത്തെ കടയിലേക്ക് ഓടിക്കയറി. കഴുത്തിൽ ഏറ്റ മുറിവ് അമർത്തിപ്പിടിച്ചാണ് യുവതി കടയിലേക്ക് ഓടിയെത്തിയതെന്നും രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നെന്നും ഉടമ പറയുന്നു. തുടർന്ന് കടയിൽ ഉണ്ടായിരുന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
കുടുംബപ്രശ്നത്തെത്തുടർന്നാണ് കൊലപാതക ശ്രമം നടന്നതെന്നാണ് സൂചന. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആർഷലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഏഴ് വർഷം മുൻപ് വിവാഹിതരായ ഇരുവരും, കഴിഞ്ഞ ഒരു വർഷത്തോളമായി അകന്ന് കഴിയുകയായിരുന്നു.