തൃശൂർ:കുലച്ചു നിന്നിരുന്ന വാഴകൾ വെട്ടി കെഎസ്ഇബിയുടെ ക്രൂരത. തൃശൂർ പുതുക്കാട് പാഴായിലാണ് കർഷകനായ മനോജിന്റെ വാഴകൾ കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി ഇവർ വാഴകൾ വെട്ടുകയായിരുന്നു. ചില വാഴകൾ പൂർണമായും വെട്ടികളഞ്ഞുവെന്ന് കർഷകൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കെഎസ്ഇബി, കർഷകരുടെ വാഴകൾ വെട്ടി കളയുന്നത്.
നാല് ഏക്കറിലാണ് മനോജ് കൃഷി ചെയ്തിരുന്നത്. ഇതിൽ മൂവായിരത്തിലധികം വാഴകൾ മനോജ് വച്ചിട്ടുണ്ടായിരുന്നു. കുലച്ചു നിന്നിരുന്ന ഏകദേശം 10 വാഴകളാണ് കെഎസ്ഇബി വെട്ടി കളഞ്ഞത്. എന്നാൽ വാഴകൾ വെട്ടുമ്പോൾ തന്നോട് ചോദിക്കാതെയാണ് ചെയ്തതെന്നും ഇതിന് ശേഷം കെഎസ്ഇബിയുടെ പക്കൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും കർഷകൻ പറഞ്ഞു.
നേരത്തെ കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബി സമാനമായ രീതിയിൽ കുലച്ചുനിന്ന വാഴത്തോട്ടം വെട്ടി നശിപ്പിച്ചത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു. ഒടുവിൽ കർഷകന് നഷ്ടപരിഹാരം നൽകിയാണ് പ്രശ്നം പരിഹരിച്ചത്.