പാലക്കാട്: ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ലോറിക്കും ആനയ്ക്കുമിടയിൽ കുടുങ്ങി ഒന്നാം പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (58) ആണ് മരിച്ചത്. പാലക്കാട് താഴക്കോട്ട് കാവിലെ വേലയ്ക്കായി കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു അപകടം.
എഴുന്നള്ളത്തിനായി കൊണ്ടു വന്ന ആനയെ തള്ളുന്നതിനിടെ ആന മുന്നിലേക്ക് നീങ്ങുകയും ലോറിയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പുബാറിനിടയിൽ ദേവൻ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാത്തപുരം ബാബു എന്ന ആനയുടെ പാപ്പാനാണ് ദേവൻ.