തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.
കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കോട്ടയം, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്. കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തീരദേശവാസികൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.