ശ്രീനഗർ: പൂഞ്ചിൽ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്ത സാഹചര്യത്തിൽ സ്ഥലത്ത് കൂടുതൽ ഐഎഎഫ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ നാല് സൈനികരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണന്നും മൂന്ന് പേർ അപകടനില തരണം ചെയ്‌തെന്നും അധികൃതർ അറിയിച്ചു.
ഐഎഎഫ് ഗരുഡ് സ്പെഷ്യൽ ഫോഴ്സിലെ ഉദ്യോഗസ്ഥരെയും ഇന്ത്യൻ ആർമിയുടെ സപെഷ്യൽ ഫോഴ്‌സിനെയുമാണ് അധികമായി സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ചെക്ക് പോസ്റ്റുകളും വാഹനങ്ങളും കേന്ദ്രീകരിച്ചും ഭീകരർക്കായുള്ള പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 21 ന് പൂഞ്ചിലെ ബുഫ്ലിയാസിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. ഈ സംഘമാണ് വ്യോമസേന വാഹനത്തിന് നേരെയും വെടിയുതിർത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. അന്ന് നാല് സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം സൈന്യത്തിന് നേരെ ഭീകരാക്രമണശ്രമങ്ങൾ നടന്ന മേഖലയിലാണ് ഇത്തവണയും ആക്രമണം നടന്നിരിക്കുന്നത്. ഈ വർഷം സൈന്യത്തിന് നേരെയുണ്ടാകുന്ന വലിയ ആക്രമണമാണിത്.
,