യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിലും അവരെ സ്വാധീനിക്കുന്നതിലുമുള്ള എം.എസ് ധോണിയുടെ കഴിവ് ശ്രദ്ധേയമാണ്. 2007-ൽ ഇന്ത്യൻ ക്രിക്കറ്റ് നായക സ്ഥാനത്ത് എത്തിയത് മുതൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ക്രിക്കറ്റ് ആസ്വാദകർക്കിടയിൽ മാത്രമല്ല, ക്രിക്കറ്റർമാർക്കിടയിലും താരമാണ് മഹി ഭായ്. എന്നാൽ തന്റെ കരിയറിൽ അദ്ദേഹത്തിന് അച്ഛന്റെ സ്ഥാനമാണുള്ളതെന്നും, അദ്ദേഹത്തോടുള്ള തന്റെ അഭ്യർത്ഥനയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മതീഷ പതിരാന.
തന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പിതാവ്. അച്ഛന്റെ സ്ഥാനമാണ് തന്റെ ക്രിക്കറ്റ് കരിയറിൽ ധോണിക്കുള്ളത്. അദ്ദേഹം എപ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായി കളിക്കളത്തിന് അകത്തും പുറത്തും ഉപദേശങ്ങൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ചെറിയ ഉപദേശങ്ങൾ പോലും എനിക്ക് ഗുണകരമായിട്ടുണ്ട്. ആത്മവിശ്വാസം വർദ്ധിക്കാനും ധോണി സഹായിച്ചെന്ന് പതിരാന പറഞ്ഞു. കളിക്കളത്തിന് പുറത്ത് ഞങ്ങൾ അധികം സംസാരിക്കാറില്ല. പക്ഷേ എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ അദ്ദേഹത്തെ കാണാൻ മടിക്കാറുമില്ല. ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുക, ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് എപ്പോഴും എനിക്ക് ലഭിക്കാറുള്ള ഉപദേശങ്ങളിലൊന്ന്. മഹി ഭായ്…പറ്റുമെങ്കിൽ ഒരു സീസൺ കൂടി ഞങ്ങൾക്കൊപ്പം കളിക്കണമെന്നും സിഎസ്‌കെയുടെ യുട്യൂബ് ചാനലിൽ പതിരാന പറഞ്ഞു.
ശ്രീലങ്കൻ പേസറായ പതിരാന ഈ സീസണിൽ സിഎസ്‌കെക്കു വേണ്ടി ആറ് കളികളിൽ നിന്ന് 13 വിക്കറ്റുകൾ നേടി ഉഗ്രൻ പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. 2022ൽ സിഎസ്‌കെയിൽ ചേർന്ന ശേഷമാണ് ക്രിക്കറ്റ് ആരാധകർ പതിരാനയെ ശ്രദ്ധിച്ച് തുടങ്ങിയത്. അതേ വർഷം ശ്രീലങ്കയുടെ ദേശീയ ടീമിലും താരം ഇടംപിടിച്ചു.















