പത്തനംതിട്ട: ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.45-ഓടെയായിരുന്നു അപകടം. പെരിങ്ങമല സ്വദേശികളായ അൽ അമീൻ, മുബാറക്, ഷാനു, അപ്പു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപ്പുവിന്റെ സഹോദരിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വേണ്ടി വാഹനമെടുത്ത് വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. പെരിങ്ങമല റേഷൻ കടയ്ക്ക് സമീപമുള്ള വളവിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തെ ടയർ പൊട്ടുകയും നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയുമായിരുന്നു.
നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്.പിന്നാലെ ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ അൽ അമീനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.