പാലക്കാട്: ട്രെയിനിൽ നിന്നും വൻ മയക്കുമരുന്ന് വേട്ട നടത്തി എക്സൈസ് സംഘം. എറണാകുളം എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 164 ഗ്രാം ഹെറോയിനാണ് ബാഗിലുണ്ടായിരുന്നത്.
ട്രെയിനിന്റെ മുൻവശത്തെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. ലഗേജ് ക്യാരിയറിൽ ഉണ്ടായിരുന്ന കറുത്ത ഷോൾഡർ ബാഗിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ഉടമസ്ഥനില്ലാത്ത ബാഗ് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ബാഗിൽ വിവിധ നിറങ്ങളിലുള്ള 16 സോപ്പ് പെട്ടികളിലായി പ്ലാസ്റ്റിക് കവറുകളിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കൊണ്ടുവന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.