ന്യൂഡൽഹി: ബോളിവുഡ് താരവും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണാ റണാവത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച കോൺഗ്രസ് വക്താവിന് മറുപടിയുമായി നടി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയെ ലൈംഗികമായി അധിക്ഷേപിക്കുന്ന വിധത്തിൽ അശ്ലീല പരാമർശമടങ്ങുന്ന കുറിപ്പ് പങ്കുവച്ചത്. എന്നാൽ സുപ്രിയയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ട്വിറ്ററിൽ പങ്കുവച്ച കങ്കണ, കോൺഗ്രസ് വക്താവിന് അർഹിക്കുന്ന മറുപടിയും നൽകി.
“പ്രിയ സുപ്രിയാ ജി, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കഴിഞ്ഞ 20 വർഷ കാലയളവിൽ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും ഞാൻ വേഷപ്പകർച്ച നടത്തിയിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെൺകുട്ടി മുതൽ വശീകരണത്തിലൂടെ ചാരവൃത്തി നടത്തുന്ന സ്ത്രീയെ അവതരിപ്പിച്ച ധാക്കഡിലെ കഥാപാത്രം വരെ ചെയ്ത ആർട്ടിസ്റ്റാണ് ഞാൻ. മണികർണികയിലെ പോരാട്ടവീര്യമുള്ള സ്ത്രീയും ചന്ദ്രമുഖിയിലെ പിശാചും റജ്ജോയിലെ ലൈംഗിക തൊഴിലാളിയും തലൈവിയിലെ വിപ്ലവനേതാവുമെല്ലാം എന്നിലൂടെ ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു.
നിങ്ങളുടെ മുൻധാരണകളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും നമ്മുടെ പെൺകുട്ടികളെ സ്വതന്ത്രരാക്കണം. കേവലം ഓരോ അവയവങ്ങളെക്കുറിച്ച് ജിജ്ഞാസപ്പെടുക എന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ പഠിക്കണം. ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സ്ത്രീ കളും ഈ സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ട് എന്ന് മനസിലാക്കണം. ” – കങ്കണ റണാവത്ത് പറഞ്ഞു.
മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവിന്റെ അസഹിഷ്ണുത നിറഞ്ഞ പരാമർശം. കോൺഗ്രസ് വക്താവിന്റെ വാക്കുകൾ തീർത്തും അശ്ലീലമാണെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം ശക്തമായതോടെ സുപ്രിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി. എന്നാൽ ഇവർ മാപ്പ് പറയണമെന്ന ആവശ്യം സോഷ്യൽമീഡിയയിൽ ശക്തമാവുകയാണ്.