ചണ്ഡീഗഡ്: ട്രാൻസ്ജെൻഡർ വിഭാഗത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പിന്തുണയുമായി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. പഞ്ചാബിലെ ചണ്ഡീഗഡിൽ ട്രാൻസ്ജെൻഡർ സമൂഹം ആരംഭിച്ച പുതിയ ബിസിനസ് സംരംഭമായ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു താരം തന്റെ പിന്തുണയറിയിച്ചത്. പാർശ്വവത്കരിക്കപ്പെടുന്ന സമൂഹമെന്ന നിലയിൽ ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വിവേചനങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിന് ബോധവത്കരണ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു താരം ഉദ്ഘാടന ചടങ്ങിനെത്തി ആശംസകൾ അറിയിച്ചത്.
ട്രാൻസ് വിഭാഗത്തെ പ്രേത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത്തരത്തിലുള്ള ചെറിയ സംരംഭങ്ങൾ സഹായകരമാകുമെന്ന് ഉദ്ഘാടന ശേഷം ആയുഷ്മാൻ ഖുറാന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അവരുടെ ചെറിയ ചുവടുവയ്പ്പാണിത്. സമൂഹത്തിന്റെ പിന്തുണ ട്രാൻസ് വ്യക്തികൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം സംരംഭങ്ങളിലൂടെ ട്രാൻസ് സമൂഹം മറ്റുള്ളവർക്കും മാതൃകയാവുകയാണ്.- ആയുഷ്മാൻ ഖുറാന പറഞ്ഞു.
ഇതിന് മുമ്പും ട്രാൻസ്ജെൻഡർ വിഭാഗത്തിന് പിന്തുണ അറിയിച്ചും സഹായം നൽകിയും താരം രംഗത്തെത്തിയിരുന്നു. അതിന്റെ ഭാഗമായി ഫുഡ് ട്രക്കുകൾ പോലുള്ള ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടാൻ നടൻ ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്