ന്യൂഡൽഹി: തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയെന്ന കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഴിമതി നിരോധന നിയമപ്രകാരമാണ് ആംആദ്മി നേതാവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജയിൽ തടവുകാരിൽ നിന്നും കോടികൾ തട്ടിയെന്ന കേസിൽ സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ലെഫ്. ഗവർണർ വി.കെ. സക്സേന ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു.
കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ നടത്തിയ വെളിപ്പെടുത്തലാണ് ആംആദ്മി നേതാവിനെ ഇപ്പോൾ വീണ്ടും വെട്ടിലാക്കിയത്. തടവുകാരായി കഴിയുന്ന പ്രമുഖരായ വ്യക്തികൾക്ക് ജയിലിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അവരിൽ നിന്നും കോടികൾ പണം തട്ടുന്ന റാക്കറ്റ് ഉണ്ടെന്നായിരുന്നു സുകേഷിന്റെ വെളിപ്പെടുത്തൽ. ജയിൽ മന്ത്രിയായിരുന്ന സത്യേന്ദർ ജെയിനും തിഹാർ ജയിൽ ഡിജി ആയിരുന്ന സന്ദീപ് ഗോയലും ചേർന്ന റാക്കറ്റായിരുന്നു പണം തട്ടിയിരുന്നത്. തിഹാറിൽ തടവിൽ കഴിയുന്ന ഉന്നത വ്യക്തികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താമെന്ന് വാഗ്ദാനം നൽകി അവരിൽ നിന്നും കോടികൾ പിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവർണർ വി.കെ. സക്സേനയ്ക്ക് അഭിഭാഷകൻ വഴി അയച്ച കത്തിലാണ് ചന്ദ്രശേഖർ വെളിപ്പെടുത്തലുകൾ നടത്തിയത്. 2019-22 കാലയളവിനിടെ സത്യേന്ദർ ജെയിന് 10 കോടി രൂപയും ജയിൽ ഡിജി സന്ദീപ് ഗോയലിന് 12.50 കോടി രൂപയും നൽകിയെന്നാണ് സുകേഷിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിലാണ് സിബിഐ അന്വേഷണം ആരംഭിക്കാൻ പോകുന്നത്.
നിലവിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് സത്യേന്ദർ ജയിൻ. 2022ലായിരുന്നു ഇഡിയുടെ അറസ്റ്റിലായത്. അക്കാലത്ത് ഡൽഹി സർക്കാരിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു ജെയിൻ.