അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിഗൂഢതകൾ നിറച്ച പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററിൽ മുഖംമൂടി അണിഞ്ഞ രൂപത്തിലാണ് പൃഥ്വിരാജുള്ളത്.
സിനിമയുടെ ട്രെയിലറിലും പോസ്റ്ററിലുമൊന്നും പൃഥ്വിരാജിന്റെ മുഖം വെളുപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ മലയാളിയായ കബീർ എന്ന കൊടുംഭീകരന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇയാളെ പിടികൂടാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് അക്ഷയ് കുമാറും ടൈഗർ ഷ്റോഫും എത്തുന്നത്.
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. അബ്ബാസ് സഫറാണ് സിനിമയുടെ സംവിധായകൻ. സൊനാക്ഷി സിൻഹ, മാനുഷി ചെല്ലാർ, അലായ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രോണിത് റോയിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.