കോട്ടയം: തിരുവാതിക്കലിലെ ഒരു വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെയും 47 പാമ്പിൻ കുഞ്ഞുങ്ങളെയും പിടികൂടി സ്നേക്ക് റെസ്ക്യൂ ടീം. തിരുവാതിക്കൽ സ്വദേശി രാധാകൃഷ്ണന്റെ വീട്ടിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെയും പാമ്പിനെയും കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് വീടിന്റെ സമീപത്ത് നിന്ന് വലിയ മൂർഖനെയും ഇതിന്റെ 47 കുഞ്ഞുങ്ങളെയും വനംവകുപ്പ് സംഘം കണ്ടെത്തിയത്. ഇവയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് വനംവകുപ്പ് പറഞ്ഞു.
തിരുവാതിക്കലിൽ നിന്ന് 100 മീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നും വനംവകുപ്പിന്റെ സംഘം മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിലേക്ക് പാമ്പ് പോകുന്നത് കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് സ്കൂട്ടർ പരിശോധിച്ച സ്നേക്ക് റെസ്ക്യൂ ടീം പാമ്പിനെ പിടികൂടുകയായിരുന്നു. ചൂട് വർദ്ധിക്കുന്നതിനാൽ പാമ്പുകൾ പുറത്തിറങ്ങാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കമണമെന്നും വനം വകുപ്പ് പറഞ്ഞു.