ഭുവനേശ്വർ: ഒഡിയ ചലച്ചിത്ര താരവും മുൻ ബിജു ജനതാദൾ എംഎൽഎയുമായ ആകാശ് ദാസ് നായക് ബിജെപിയിൽ ചേർന്നു. ഇന്നലെ ഭുവനേശ്വറിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ മൻമോഹൻ സമലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. ബിജെഡി പ്രവർത്തനങ്ങളിൽ അമർഷം തോന്നിയാണ് പാർട്ടി വിട്ടതെന്ന് ആകാശ് ദാസ് പറഞ്ഞു.
ഒഡീഷയിലെ ജനങ്ങളുടെ വികസനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത് ഭാരതിന്റെ കാഴ്ചപ്പാടുകൾ നിറവേറ്റുന്നതിനും തന്റെ മണ്ഡലമായ കൊറേയുടെ വികസനത്തിനും വേണ്ടിയാണ് ബിജെപിയിൽ ചേർന്നത്. 10 വർഷത്തോളം ഞാൻ ബിജെഡിയിൽ പ്രവർത്തിച്ചു. എന്റെ അനുയായികളുടെയും മുതിർന്നവരുടെയും ഉപദേശപ്രകാരമാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
2014ൽ കൊറേ അസംബ്ലി സീറ്റിൽ നിന്ന് മത്സരിച്ച ആകാശ് ദാസ് നായക് വിജയിച്ചിരുന്നു. എന്നാൽ 2019 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല. സംസ്ഥാനത്തെ മോ കോളേജ് പ്രോഗ്രാമിന്റെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
21 പാർലമെന്റ് മണ്ഡലങ്ങളുള്ള ഒഡിഷയിൽ, നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിലാണ് വോട്ടെടുപ്പ്.