സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രിൽ 8-ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം. സ്റ്റാൻഡേർഡ് ഇന്ത്യൻ സമയം പ്രകാരം 2024 ഏപ്രിൽ 8 ന് രാത്രി 09:12 ന് ആരംഭിച്ച് ഏപ്രിൽ 9 ന് പുലർച്ചെ 02:22 ന് അവസാനിക്കും. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ ഈ സൂര്യഗ്രഹണത്തെ വിശേഷിപ്പിച്ചത്.
ഭാരതത്തിൽ നിന്ന് നേരിട്ട് ഈ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, നോർവേ, പനാമ, റഷ്യ, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം, വെനസ്വേല, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ കഴിയും. മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഇതിന്റെ പ്രത്യാഘാതം കൂടുതലായി അനുഭവപ്പെടും. സമ്പൂർണ സൂര്യഗ്രഹണത്തെത്തുടർന്ന് അമേരിക്കയിലെ നൂറുകണക്കിന് സ്‌കൂളുകൾ ഏപ്രിൽ 8-ന് അടച്ചിടും. ഈപ്രദേശങ്ങളിൽ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഒക്കെ വർദ്ധിക്കുവാൻ സാധ്യത ഉണ്ട്.
വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ……
വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ
ഭാരതത്തിൽ നേരിട്ട് അനുഭവത്തിൽ വന്നില്ല എങ്കിൽ പോലും, സൂര്യ ഗ്രഹണഫലമായി വ്യക്തി പ്രഭാവം ഉള്ളവർക്ക് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകൾ വന്നു ചേർന്നേക്കാം. ഉന്നത രാഷ്‌ട്രീയക്കാർക്ക് വൻ തിരിച്ചടികൾ നേരിട്ടേക്കാം. എന്നാൽ പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നവർക്ക് ഒന്നിലധികം ശ്രോതസിലൂടെ പണം വന്നു കുന്നു കൂടും. എട്ടാം ഭാവത്തിൽ ബലവാനായി ശുക്രൻ നിൽക്കുന്ന ജാതകർക്ക് മറഞ്ഞിരിക്കുന്നു നിധികൾ വെളിപ്പെടുവാൻ സാധ്യത ഉണ്ട്. പൊതുവിൽ ഭാരതത്തിലെ പല സ്ഥലങ്ങളിലും ഖനനം നടക്കാൻ സാധ്യത കല്പിക്കുന്നു. കടൽ ക്ഷോഭം, വമ്പൻ തിരമാലകൾ ഒക്കെ പ്രതീക്ഷിക്കാം.
ആഗോള തലത്തിൽ ഗ്രഹണം രാഷ്‌ട്രീയ നേതൃത്വത്തിന് വിമർശനങ്ങളും അവിശ്വാസവും വരുത്തും. ചില രാജ്യങ്ങളിൽ അശാന്തിയും പ്രതിഷേധങ്ങളും ഉണ്ടാകാം. ഗ്രഹണം സാമ്പത്തിക മേഖലയിൽ പ്രതിസന്ധിക്ക് കാരണമാകും. വിലക്കയറ്റം വർദ്ധിക്കുകയും ചില വ്യവസായങ്ങൾക്ക് നഷ്ടം സംഭവിക്കുകയുംചെയ്യും. ഗ്രഹണം വരൾച്ച, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകും. ചില ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വലിയ വലിയ തോതിൽ ഭീകരാക്രമണങ്ങൾ, സാംക്രമിക രോഗങ്ങൾ ഉണ്ടായേക്കാം.
ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി……
ഭാരതത്തിൽ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഈ ഗ്രഹണം 12 രാശികളിലും അനുകൂലമായും പ്രതികൂലമായും ഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച്, ഈ സൂര്യഗ്രഹണം മീനം രാശിയിലെ രേവതി നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ, അമാവാസി തിഥിയിൽ, നാഗ കരണത്തിൽ, മഹേന്ദ്ര യോഗത്തിൽ സംഭവിക്കും. ഇടവം, മിഥുനം, കർക്കടകം, തുലാം, കുംഭം എന്നീ രാശികളിൽ ജനിച്ചവരിൽ ഈ സൂര്യഗ്രഹണത്തിന്റെ സ്വാധീനം കൂടുതലായിരിക്കും. ചൈത്ര നവരാത്രി മഹോത്സവത്തിന് മുന്‍പായി സംഭവിക്കുന്ന ഈ സൂര്യ ഗ്രഹണത്തിന് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമാണ് ഉള്ളത്. ജ്യോതിഷത്തിൽ സൂര്യൻ ഒരു വ്യക്തിയുടെ ആത്മവിശ്വാസം, വ്യക്തിത്വം, നേതൃത്വപാടവം, മറ്റുള്ളവരോടുള്ള ബഹുമാനം, ത്യാഗമനോഭാവം എന്നിവയെ സൂചിപ്പിക്കുന്നു. പിതാവ്, ഹൃദയം, തലച്ചോറ്, ഉദരം, കണ്ണുകൾ, ശ്വാസകോശം എന്നിവയിലും സൂര്യന് സ്വാധീനമുണ്ട്.
സനാതന പാരമ്പര്യത്തിൽ ഒരു ഗ്രഹണത്തിന് മുമ്പായി സൂതക കാലഘട്ടം ആരംഭിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രഹണത്തിനു ഞാഞ്ഞൂലും തലപൊക്കും എന്ന പ്രസിദ്ധമായ പഴമൊഴി ഓർക്കുക. അതായത്, ഗ്രഹണ സമയത്തു നല്ല ശക്തികളേക്കാൾ കൂടുതൽ വിഷം ഉള്ളവക്ക് ശക്തി ഉണ്ടാകും എന്നാണ് വിശ്വാസം. സൂര്യഗ്രഹണത്തിന് സൂതകം 12 മണിക്കൂർ മുമ്പും ചന്ദ്രഗ്രഹണത്തിന് 5 മണിക്കൂർ മുമ്പും ആരംഭിക്കുന്നു. സാധാരണയായി സത് ചിന്തയോടുള്ള പ്രാർത്ഥനകൾ, മതപരമായ ചടങ്ങുകൾ, ശുഭകാര്യങ്ങൾ എന്നിവ ഇക്കാലത്ത് ഒഴിവാക്കുന്നു. ക്ഷേത്രങ്ങൾ അടച്ചിടുകയും ആളുകൾ ഭക്ഷണം ഉണ്ടാക്കുന്നതോ കഴിക്കുന്നതോ ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ സൂര്യഗ്രഹണ സമയത്തു ദോഷങ്ങൾ ഉണ്ടാകാതെ കഴിഞ്ഞു പോകുവാൻ, വിശ്വാസികൾ മന്ത്രോച്ചാരണം നടത്തുകയും ചെയുന്നു. സൂര്യഗ്രഹണത്തിന്റെ സ്വാധീനം ഗ്രഹണത്തിന് രണ്ടാഴ്ച മുമ്പും രണ്ടാഴ്ചയ്‌ക്ക് ശേഷവും സജീവമായി പ്രത്യക്ഷപ്പെടുന്നു.
ശനിദശാകാലം……
സുരക്ഷിതമായ സോളാർ ഫിൽറ്ററുകളില്ലാതെ ഒരിക്കലും നേരിട്ട് സൂര്യനെ നോക്കരുത്. പ്രത്യേക സർട്ടിഫൈഡ് സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കുക. ഗ്രഹണസമയത്ത് മന്ത്രങ്ങൾ ജപിക്കുക. ഇത് ഗ്രഹണത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രഹണത്തിന് ശേഷം കുളിച്ച് പുതിയ ഭക്ഷണം പാകം ചെയ്യുക. വീടുകൾ പലപ്പോഴും വെള്ളവും ചാണകവും ചേർത്ത മിശ്രിതം ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. വിശ്വാസികൾ ഗ്രഹണ സമയത്ത് ശുഭകാര്യങ്ങളിൽ ഏർപ്പെടുകയോ പൂജിക്കുകയോ ചെയ്യരുത്. ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യരുത്. സൂതക കാലത്തിന് മുൻപ് ഭക്ഷണത്തിൽ തുളസിയില ഇടുക. ഇഷ്ടദേവതയുടെ നാമങ്ങൾ ജപിക്കുക. ഗർഭിണികൾ ഗ്രഹണം കാണുന്നത് ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയണം.
2024-ലെ ആദ്യ സൂര്യഗ്രഹണം 22024 ഏപ്രിൽ 8 ന് രാത്രി 09:12 ന് ആരംഭിച്ച് ഏപ്രിൽ 9 ന് പുലർച്ചെ 02:22 ന്അവസാനിക്കും,. 2024-ലെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 2-ന്, ഇന്ത്യൻ സമയം രാത്രി 9:13-ന് ആരംഭിക്കുകയും പുലർച്ചെ 3:17-ന് അവസാനിക്കുകയും ചെയ്യും. ഈ രണ്ടു ഗ്രഹണവും ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി……
സൂര്യഗ്രഹണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതു ചന്ദ്രരാശി ഫലം ആണ് താഴെ കൊടുക്കുന്നത്. ഇവ, അവരവരുടെ ജന്മഗൃഹനില, അഗ്നിമാരുത യോഗഫലം, ശനിദശാ കാലങ്ങൾ ഒക്കെയും ആയി കൂട്ടി വായിച്ചു വേണം കൂടുതൽ മനസിലാക്കാൻ
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ ഗ്രഹണം ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. ഇവർക്ക് മാനസിക പിരിമുറുക്കവും
ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കും. ക്ഷമയോടെയും ശാന്തതയോടെയും കാര്യങ്ങൾ നേരിടാൻ ശ്രദ്ധിക്കുക. തൊഴിൽപരമായ ചില പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യ ഇടപെടലുകളും അഭിപ്രായങ്ങളും ഒഴിവാക്കുക. ജോലി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും കരുതലും പുലർത്തുക. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. പുതിയ നിക്ഷേപങ്ങളും സംരംഭങ്ങളുംഒഴിവാക്കുക. നിലവിലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുക. യാത്രകൾ ഒഴിവാക്കുക.
ഗുരുജനങ്ങളുടെയും മുതിർന്നവരുടെയും ഉപദേശം തേടുക. ഗ്രഹണത്തിന് ശേഷം ചിന്താശേഷി വർദ്ധിക്കുകയും ജീവിതത്തിൽ പുതിയ ചില മാറ്റങ്ങൾ അനുഭവപ്പെടുകയും ചെയ്യും. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തികം, തൊഴിൽ, ദാമ്പത്യം, ആരോഗ്യം എന്നീ കാര്യങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങൾ പോസിറ്റീവ് ആക്കുവാൻ ശ്രദ്ധിക്കുക.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഇടവം രാശിക്കാർക്ക് പൊതുവിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരില്ലെങ്കിലും കണ്ടകശ്ശനിയും ശനി ദശയും നടക്കുന്ന രോഹിണി നക്ഷത്രക്കാർക്ക് ചില ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇവർക്ക് ഈ ഗ്രഹണം മൂലം മുറിവുകളും അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോഴും മറ്റ് കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തുക. ഇവർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ദുർഗ്ഗാ ദേവിയെ ഭജിക്കുക, മഹാദേവനെ പൂജിക്കുക, അയ്യപ്പനെ ആരാധിക്കുക എന്നിവ ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ഓരോ കാര്യവും ചെയ്യുന്നതിന് മുമ്പ് നന്നായി ചിന്തിച്ച് തീരുമാനം എടുക്കുന്ന സമയമാണിത്. സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ക്ഷമയോടെയും ധൈര്യത്തോടെയും ഈ സാഹചര്യങ്ങളെ നേരിടുക.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ജീവിതത്തിൽ ചില വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമാണിത്. അപ്രതീക്ഷിതമായി, നല്ല സുഹൃത്തുക്കളിൽ നിന്നും കരുതുന്നവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകാം. കരാറുകളിൽ ഒപ്പ് വെക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. തന്റെ ആശയങ്ങൾ മറ്റുള്ളവർ പകർത്തി വിജയം നേടുന്നതും, തന്മൂലം അവഗണിക്കപ്പെടുകയും ചെയ്യും എന്ന സാധ്യതയുണ്ട്. എന്നാൽ, ഈശ്വരാനുഗ്രഹവും അപ്രതീക്ഷിതമായ ഭാഗ്യവും കൊണ്ട് നിങ്ങൾക്ക് ഈ പ്രതിസന്ധികളെ മറികടക്കാനും കഠിനാധ്വാനത്തിലൂടെ വിജയം നേടാനും സാധിക്കും. ഏത് കാര്യത്തിന് ഇറങ്ങിയാലും തടസ്സങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, നേരിടേണ്ടിവരും.
ഗ്രഹണദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവരും കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും വളരെയധികം ജാഗ്രത പാലിക്കുക. അപവാദങ്ങൾ കേൾക്കേണ്ടിവരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരോട് സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. മഹാദേവന്റെ പഞ്ചാക്ഷര മന്ത്രവും ആദിത്യ ഹൃദയവും ജപിക്കുന്നത് വളരെയധികം ഗുണഫലം നൽകും. ഈ കാലഘട്ടത്തിൽ ക്ഷമയും വിവേകവും പുലർത്തുക. ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക. കഠിനാധ്വാനത്തിലൂടെയും ഈശ്വരാനുഗ്രഹത്തിലൂടെയും എല്ലാ വിഷമങ്ങളെയും മറികടക്കാൻ സാധിക്കും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ശുക്രദശയിലുള്ള പുണർതം നക്ഷത്രക്കാർ, കേതുദശയിലുള്ള പൂയം നക്ഷത്രക്കാർ, സൂര്യ-ചന്ദ്രദശയിലുള്ള ആയില്യം നക്ഷത്രക്കാർ എന്നിവർ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവർക്ക് ഈ സമയത്ത് പരാജയ സാധ്യത അഥവാ നഷ്ട സാധ്യത കൂടുതലായതിനാൽ പുതിയ തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് ആരംഭിക്കുന്നത് ഒഴിവാക്കുക. പകരം നിലവിലുള്ള ജോലിയിൽ കൂടുതൽ ശ്രദ്ധയും കരുതലും പുലർത്തുക. എല്ലാത്തരത്തിലും അനാവശ്യമായ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. വീട്ടിൽ അനാവശ്യമായ വാഗ്വാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. കുടുംബാംഗങ്ങളുമായി നല്ല ആശയവിനിമയം നിലനിർത്തുക. മാനസികാരോഗ്യം ശ്രദ്ധിക്കുക.
അനാവശ്യമായ ഭയം, ഉത്കണ്ഠ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. താങ്ങാൻ കഴിയാത്ത മാനസിക സമ്മർദ്ദം ഉള്ളവർ സൈക്കോളയിസ്റ്റിനെ കാണേണ്ടുന്ന കാലം ആണ്. മരുന്നുകൾ മുടങ്ങാനും മറക്കാനും അതുവഴി ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യത കല്പിക്കുന്നു. അനാവശ്യമായ സംസാരം ഒഴിവാക്കുക. കടൽത്തീരത്തുള്ള ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഗുണം ചെയ്യും. ഈ പ്രതിസന്ധിഘട്ടം താൽക്കാലികമാണെന്ന് ഓർക്കുക. ഗ്രഹണം കഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെടും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ചിങ്ങം രാശിക്ക് സൂര്യഗ്രഹണം ദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം ലഭിക്കാൻ കാരണമാകും എന്നതിനാൽ ദൈവവിശ്വാസം മുറുകെ പിടിക്കുകയും, യഥാവിധി വഴിപാടുകൾ നടത്തി ഗുണഫലങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക. ഈ സമയത്ത് ദൂര യാത്രകൾ നടത്താനും അത് വഴി മാനസിക സന്തോഷം ലഭിക്കാനും ഇടയുണ്ട്. അപ്രതീക്ഷിതമായി പുതിയ അവസരങ്ങൾ നിങ്ങളെ തേടി എത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിജയം നേടാനും സാധിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിക്കാം. കുടുംബത്തോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സാധ്യതയും ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായേക്കാം.
സാമ്പത്തികം, കുടുംബം, തൊഴിൽ എന്നീ മേഖലകളിൽ ഗ്രഹണം നിങ്ങളെ അനുകൂല ഫലങ്ങളിലേക്ക് നയിക്കും. എന്നിരുന്നാലും, വ്യാഴദശയിൽ ഉള്ള പൂരം നക്ഷത്രക്കാർക്ക് ബിസിനസ്സിൽ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ, ഈ സമയത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിയുന്നതും ഗ്രഹണം കഴിയുന്നത് വരെ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാതിരിക്കുന്നതാണ് നല്ലത്. മഹാവിഷ്ണുവിനെ പൂജിക്കുകയും നാരായണ മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്നത് ദോഷങ്ങളെ കുറയ്‌ക്കാൻ സഹായിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം) ദീർഘകാലമായി
നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് വിരാമമിട്ട് പുരോഗതിയുടെ പുതിയ വാതിലുകൾ തുറക്കുന്ന സമയമാണിത്. വായ്പയ്‌ക്ക് അപേക്ഷിച്ചവർക്ക് അനുകൂലമായ തീരുമാനങ്ങൾ ലഭിക്കും. ഓഹരി വിപണിയിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയവർക്ക് ഗ്രഹണം കഴിഞ്ഞാൽ കാര്യമായ പുരോഗതി . വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച ഫലം ലഭിക്കും.
എന്നാൽ, ചിത്തിര നക്ഷത്രക്കാർക്ക് മാനസികമായും ശാരീരികമായും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അനാവശ്യമായ ചിന്തകൾ കാരണം പ്രയാസങ്ങൾ ഉണ്ടാകാം. ഈ ഗ്രഹണ സമയത്ത് അനാവശ്യമായ കോപവും അബദ്ധത്തീരുമാനങ്ങളും പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ ക്ഷമാശീലം വളർത്തിയെടുക്കാൻ ശ്രമിക്കുക.മഹാദേവനെയും സുബ്രഹ്മണ്യനെയും പൂജിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് ഗ്രഹണ ദോഷങ്ങളെ ഇല്ലാതാക്കി ഗുണഫലങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
മാനസികം, ശാരീരികം, സാമ്പത്തികം എന്നീ മേഖലകളിൽ ദീർഘകാലമായി നേരിട്ട പ്രതിസന്ധികൾക്ക് ശേഷം, ഈ ഗ്രഹണ സമയം നിങ്ങളുടെ ജീവിതത്തിൽ കാര്യമായ പുരോഗതിക്ക് വഴിയൊരുക്കും. വെല്ലുവിളികളും അപവാദങ്ങളും നേരിടേണ്ടി വന്നേക്കാം എങ്കിലും ക്ഷമയോട് പക്വതയോടെ കൈകാര്യം ചെയ്യുക. ചുറ്റുമുള്ളവർ നിങ്ങളെക്കുറിച്ച് പറയുന്ന നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. എന്നാൽ ദൈവാനുഗ്രഹത്താൽ ഈ പ്രതിസന്ധികളെയെല്ലാം നിങ്ങൾക്ക് മറികടക്കാൻ സാധിക്കും. തൊഴിൽ, ജീവിത പങ്കാളി, രാഷ്‌ട്രീയം, സാമ്പത്തികം, ആരോഗ്യം എന്നീ മേഖലകളിൽ ഗ്രഹണ സമയം മുതൽ അനുകൂലമായ മാറ്റങ്ങൾ അനുഭവപ്പെടും.
നിങ്ങളെക്കുറിച്ച് നെഗറ്റീവ് ആരോപണങ്ങൾ ഉന്നയിച്ചവർ പിന്നീട് നിങ്ങളെ അംഗീകരിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറിമറയും. അന്യദേശ വാസത്തിനും ദൂരയാത്രകൾക്കും സാധ്യതയുണ്ട്. ഈ ഗ്രഹണ സമയം തുലാം രാശിയിലെ മൂന്ന് നക്ഷത്രക്കാർക്ക് വളരെ അനുകൂലമാണ്. നിങ്ങളുടെ സ്വന്തം ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഈ സമയം അനുയോജ്യമാണ്. എന്നാൽ മറ്റുള്ളവരുടെ മോശം പെരുമാറ്റം പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കാൻ സാധ്യതയുണ്ട്.
നിങ്ങളുടെ ചുറ്റും ദോഷകരമായ (ടോക്സിക്) നിറഞ്ഞ ആളുകൾ ഉണ്ടാകാം. എന്നാൽ ആസൂത്രിതമായി കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ സൂര്യഗ്രഹണം വിദ്യാഭ്യാസപരമായ പുരോഗതിക്ക് വളരെ അനുകൂലമാണ്. വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിക്കും. തൊഴിൽ സംബന്ധമായി സർക്കാർ മേഖലയിലും വിദേശത്തും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.മാനസികമായി ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഗ്രഹണത്തിന്റെ ഫലമായി കാര്യങ്ങൾ ക്രമേണ മെച്ചപ്പെട്ട് ജീവിതനിലവാരം ഉയരും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിലൂടെ ധനലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഗ്രഹണം കഴിഞ്ഞാൽ കോടീശ്വരന്മാരാകാനും മറ്റുള്ളവരുടെ ആദരവും അംഗീകാരവും നേടാനും സാധ്യതയുണ്ട്.
ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യും. സന്താനങ്ങളുമായുള്ള ബന്ധത്തിൽ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള ജോലി മാറ്റം മാനസികമായും ശാരീരികമായും ചില ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. എന്നാൽ പ്രശ്നങ്ങളെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കും. യോഗ, ധ്യാനം, മറ്റ് വ്യായാമങ്ങൾ എന്നിവ പതിവാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധ്യതയുണ്ട്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ ഗ്രഹണം കലാകാരന്മാർക്ക് പേരും പ്രശസ്തിയും നേടാൻ സഹായിക്കും. അവരുടെ കലാസൃഷ്ടികൾ അന്താരാഷ്‌ട്ര തലത്തിൽ അംഗീകാരം നേടും. എന്നാൽ അപ്രതീക്ഷിതമായി അവിഹിതബന്ധങ്ങൾ കാരണം ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ഈ ഗ്രഹണം കാര്യമായ പുരോഗതി നൽകില്ലെങ്കിലും, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അവിവാഹിതർക്ക് ഈ സമയം വിവാഹത്തിന് അനുയോജ്യമാണ്. തൊഴിലിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാകാം. വരുമാനത്തേക്കാൾ ചെലവ് കൂടുതലാകും. എന്നാൽ പുതിയ സാമ്പത്തിക സ്രോതസ്സുകളും ഉണ്ടാകും. ചിലർക്ക് ജീവിത പങ്കാളിയുമായി സന്ധി ചെയേണ്ടതായി വന്നേക്കാം.
മാതാവിനോ മാതൃ ബന്ധുക്കൾക്കോ അസുഖം വരാനുള്ള സാധ്യതയുണ്ട്. വാഹനം, വീട്, സന്താനം എന്നിവ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ഈ ഗ്രഹണ സമയം ക്ഷമയോടെയും വിവേകത്തോടെയും കാര്യങ്ങൾ നേരിടാൻ ശ്രദ്ധിക്കുക. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുകയും കാര്യങ്ങളെ യുക്തിസഹമായി വിലയിരുത്തുകയും ചെയ്യുക.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ സൂര്യഗ്രഹണം നിങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കും. ദീർഘകാലമായി അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾക്ക് തുടക്കം കുറിക്കാനും ഈ സമയം അനുയോജ്യമാണ്. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകുകയും സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കാം. ഗ്രഹണം വിദ്യാഭ്യാസ പുരോഗതിക്ക് വഴി വയ്‌ക്കും. ഉന്നത വിദ്യാഭ്യാസത്തിലൂടെ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
ദീർഘകാലമായി കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സന്തോഷവും സമാധാനവും നിലനിൽക്കാനും സാധിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കും. സഹോദരങ്ങളിൽ നിന്ന് പിന്തുണയും സഹായവും ലഭിക്കും.
കുംഭം രാശി:(അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഭക്ഷണത്തിലും മരുന്നുകളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. ഈ സമയത്ത് പുതിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കുക. പല കാരണങ്ങളാൽ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ പെരുമാറുക. അപ്രതീക്ഷിതമായ ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ കരുതിവെക്കുക. ബിസിനസ്സുകാർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വാഹനം
ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ സാഹസികമായ ഡ്രൈവിംഗ് ഒഴിവാക്കുക. മുട്ടിന് പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പലതരത്തിലുള്ള ആശങ്കകൾ ഉണ്ടാകാം. എന്നിരുന്നാലും ഈ ഗ്രഹണം ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും. ജീവിത പങ്കാളി, മാതാവ്, വിദ്യാഭ്യാസം, സന്താനം, സർക്കാർ ജോലി എന്നിവയിൽ മെച്ചപ്പെടൽ ഉണ്ടാകും. വിദേശയാത്രക്ക് അവസരം ലഭിക്കും
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
തൊഴിൽ മേഖലയിൽ നേരിട്ടിരുന്ന പ്രതിസന്ധികളും വെല്ലുവിളികളും മാറി അനുകൂലമായ സാഹചര്യങ്ങൾ ലഭിക്കാൻ ഗ്രഹണ സമയം അവസരം നൽകുന്നു. സമ്പൂർണ്ണ സൂര്യഗ്രഹണം സാമ്പത്തിക മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. പുതിയ ചില സംരംഭങ്ങൾ ആരംഭിക്കുകയും അതിൽ നിന്നും വരുമാന മാർഗ്ഗങ്ങൾ തെളിഞ്ഞു വരികയും ചെയ്യുന്നു. ജീവിതത്തിൽ പലതരത്തിലുള്ള ആപൽ ഘട്ടങ്ങളെ തരണം ചെയ്യാനുള്ള മനോധൈര്യം നൽകുകയും അതിൽ നിന്നും ഭയത്തെ ഇല്ലാതാക്കുകയും ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനും സാധിക്കുന്നു.
വളരെക്കാലമായി പരാജയപ്പെട്ട ബിസിനസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ അപ്രതീക്ഷിതമായ ലാഭം നിങ്ങളെ തേടി വരുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നമ്മുടെ സംസാരത്തിൽ നിന്നും അബദ്ധങ്ങൾ സംഭവിക്കുകയും അത് പിന്നീട് നമുക്ക് വിനയായി മാറുകയും ചെയ്യും.
ജീവിതപങ്കാളിക്ക് ഉണ്ടായിരുന്ന ജോലിയിൽ ഉയർച്ച ഉണ്ടാവുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും. അവനവന് തന്നെയും സന്താനങ്ങൾക്കും ഉള്ള ദുരിതങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും. മഹാദേവനെയും ശ്രീകൃഷ്ണ ഭഗവാനെയും സുബ്രഹ്മണ്യ സ്വാമിയേയും പ്രത്യേകം ഭജിക്കുന്നത് വഴി ഈ ഗ്രഹണസമയത്ത് നടക്കാൻ പോകുന്ന നല്ല കാര്യങ്ങൾക്ക് കൂടുതൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. കലാകാരന്മാർക്കും രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും ചില അപവാദങ്ങൾ കേൾക്കേണ്ടിവരും, എന്നിരുന്നാലും ഈശ്വരാനുഗ്രഹത്താൽ പല കാര്യങ്ങളും നമുക്ക് അനുകൂലമായി തീരും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















