നവഗ്രഹങ്ങളിലെ ചൊവ്വയും ശനിയും പരസ്പരം ദൃഷ്ടി ചെയ്യുമ്പോഴോ രാശിചക്രത്തിലെ ഒരു രാശിയിൽ ഒരുമിച്ചു വരുമ്പോഴോ ആണ് അഗ്നി മാരുതയോഗം ഉണ്ടാകുന്നത്. ഈ യോഗം വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ശനി ഗ്രഹം ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്. അതിന്റെ അന്തരീക്ഷം വിഷവാതകങ്ങളും മഞ്ഞുകട്ടകളും നിറഞ്ഞിരിക്കുന്നു. അതിനാൽ, ശനിയെ വായുവിന്റെ പ്രതീകമായി കാണുന്നു. ചൊവ്വ ഭൂമിയുടെ അടുത്തുള്ള ഗ്രഹമാണ്. ചുവന്ന നിറമുള്ള ഈ ഗ്രഹത്തെ അഗ്നിയുടെ പ്രതീകമായി കാണുന്നു. അഗ്നിയും വായുവും ഒരുമിച്ചാകുമ്പോൾ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്നറിയാമല്ലോ.
ഇത്തരത്തിൽ അഗ്നിയുടെ പ്രതീകമായ ചൊവ്വയും വായുവിന്റെ പ്രതീകമായ ശനിയും ഒരുമിച്ചു വന്നാൽ ഗ്രഹ സഞ്ചാര വിചാരത്തിൽ അത് ഭൂമിയിൽ അതിവൃഷ്ടി, വരൾച്ച പോലുള്ള പ്രതികൂല കാലാവസ്ഥാ വരുത്തിവയ്ക്കും എന്ന് പണ്ഡിത മതം. മാത്രമല്ല ഭരണാധികാരികൾക്ക് ജീവഹാനി, സ്ഥാനചലനം, രാജ്യങ്ങൾ തമ്മിലും ഭരണാധികാരികൾ തമ്മിലും ഉള്ള കലഹങ്ങൾ, യുദ്ധം , ഭൂകമ്പം, അഗ്നിപർവത സ്ഫോടനം പോലുള്ള പ്രകൃതി ദുരന്തങ്ങൾ, ജീവജാലങ്ങൾക്ക് നാശം, ജനങ്ങൾക്ക് പലതരത്തിലുള്ള അപകടങ്ങൾ, രോഗങ്ങൾ, വലിയ വാഹനാപകടങ്ങൾ (വിമാനം, കപ്പൽ, ട്രെയിൻ) ഒക്കെയും ഉണ്ടായേക്കാം.
ഒരു സാധാരണ മനുഷ്യനിൽ അവന്റെ ദേഷ്യം വളർത്തി കൊണ്ടായിരിക്കും അഗ്നിമാരുതയോഗം പിടിമുറുക്കുന്നത്. ഈ കാലഘട്ടത്തിൽ അവനു പലവിധത്തിലുള്ള വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടേണ്ടി വരികയും, പരാജയഭീതി കാരണം നൈരാശ്യം ഒക്കെയും വന്നു ചേരാം. ചിലർക്ക് ആക്രമണ സ്വഭാവം, ആത്മഹത്യ പ്രവണത, കൊലപാതകം എന്നിവ നടത്താനുള്ള ത്വര കൂടും.
എന്നാൽ ശനിയുടെ ഇഷ്ട രാശികളായ മകരം, കുംഭം, തുലാം എന്നീ രാശികളിൽ ഈ യോഗം വന്നാൽ ദോഷഫലങ്ങൾ കുറഞ്ഞിരിക്കും. ചൊവ്വയുടെ ഇഷ്ടരാശികളായ മേടം, വൃശ്ചികം, മകരം എന്നീ രാശികളിലാണ് ഈ യോഗം വരുന്നത് എങ്കിലും ദോഷം കുറഞ്ഞിരിക്കും. താരതമ്യേനെ ദോഷം കുറയും എന്നല്ലാതെ ദോഷമില്ല എന്ന് അർത്ഥമാകുന്നില്ല.
2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെയുള്ള കാലഘട്ടം ശനിയും ചൊവ്വയും കുംഭം രാശിയിൽ യോഗം ചെയുന്നു. കുംഭം രാശിയിൽ ആയതിനാൽ ദോഷങ്ങൾ കുറഞ്ഞിരിക്കും; എന്നിരുന്നാലും പ്രധാനമായും കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി അനുഭവിക്കുന്നവർ, ജാതകത്തിൽ ചൊവ്വയും ശനിയും കുംഭം രാശിയിൽ നിൽക്കുന്നവർ, ചൊവ്വ ദശയിൽ ശനിയുടെ അപഹാരം നടക്കുന്നവർക്കും, ശനിദശയിൽ ചൊവ്വയുടെ അപഹാരം നടക്കുന്നവർക്കും ഈ കാലഘട്ടത്തിലെ ജീവിതം പരീക്ഷണം ആയിരിക്കും.
ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവയെക്കുറിച്ചറിയാൻ ഈ ലേഖനം വായിക്കുക
ഇപ്പോൾ ചൊവ്വ ദശയിൽ ശനിയുടെ അപഹാരം നടക്കുന്നവർ:
പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/- 71-73 വയസുകാർ
ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/- 54-55 വയസുകാർ
അശ്വതി, മകം, മൂലം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-41-43 വയസുകാർ
ഭരണി, പൂരം, പൂരാടം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-29-32 വയസുകാർ
കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-16-18 വയസുകാർ
രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-8-9 വയസുകാർ
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-3-4 വയസുകാർ
തിരുവാതിര, ചോതി, ചതയം, പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം 90+ വയസുകാർ
1199 മീന മാസഫലം; (2024 മാർച്ച്14 മുതൽ 2024 ഏപ്രിൽ 13 വരെ) നിങ്ങൾക്കെങ്ങനെ……
1199 മീന മാസഫലം; (2024 മാർച്ച്14 മുതൽ 2024 ഏപ്രിൽ 13 വരെ) നിങ്ങൾക്കെങ്ങനെ
ഇപ്പോൾ ശനിദശയിൽ ദശയിൽ ചൊവ്വയുടെ അപഹാരം നടക്കുന്നവർ.
ഭരണി, പൂരം, പൂരാടം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-80-81 വയസുകാർ
കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-67-68 വയസുകാർ
രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-59-60 വയസുകാർ
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-50-51 വയസുകാർ
തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-38-39 വയസുകാർ
പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/-21-22 വയസുകാർ
പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം +/- 10-11വയസുകാർ
അശ്വതി, മകം, മൂലം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാരിൽ ഇപ്പോൾ ഉദ്ദേശം 90+ വയസുകാർ
ഏകദേശ കണക്കാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ജന്മശിഷ്ട്ടം നാഴിക വിനാഴിക കണക്കു ഗണിക്കുമ്പോൾ മാസങ്ങളുടെ വര്ഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും
ഇപ്പോൾ ഏഴര ശനി യോഗം ഉള്ളവർ
ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം (മകരക്കൂറ്)
അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം (കുംഭക്കൂറ്)
പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി (മീനക്കൂറ്)
കണ്ടക ശനി യോഗം ഉള്ളവർ
വൃശ്ചിക ക്കൂറുകാര്ക്ക് ശനി നാലിൽ (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ചിങ്ങക്കൂറുകാര്ക്ക് ശനി ഏഴില് (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഇടവക്കൂറുകാര്ക്ക് ശനി പത്തില് (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
അഷ്ടമശ്ശനി യോഗം ഉള്ളവർ
കർക്കിട കൂറുകാർക്ക് പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം
എന്നാൽ ജാതകത്തിൽ രുചകയോഗവും ശശമംഗള യോഗവും ഒരുപോലെ ഉള്ളവർക്ക് അവ നിൽക്കുന്ന സ്ഥാന പ്രമാണം അനുസരിച്ചു വലിയ ഗുണഫലങ്ങളും ഉണ്ടാകും.
2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെയുള്ള കാലഘട്ടത്തിൽ അഗ്നിമാരുത യോഗം കണക്കാക്കിയുള്ള പൊതു ഫല പ്രവചനം.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഗുണഫലങ്ങളായിരിക്കും കൂടുതൽ. സർക്കാർ ജോലിയിൽ ഉള്ളവർക്ക് ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർച്ച ലഭിക്കാൻ സാധ്യതയുള്ള ഒരു സമയമാണിത്. പുതിയ ഭൂമിയോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. സന്താന ഭാഗ്യം, ധനലാഭം, കീർത്തി എന്നിവയും ഈ സമയത്ത് ലഭിക്കാൻ സാധ്യതയുണ്ട്. അവിഹിത ബന്ധമില്ലാത്ത ഭാര്യാഭർത്താക്കൾ തമ്മിൽ ഐക്യം വളരും, എന്നാൽ അവിഹിത ബന്ധം ഉള്ളവർക്ക് ഭീകരമായ അവസ്ഥ ആയിരിക്കും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ കാലഘട്ടം സമ്മിശ്ര ഫലങ്ങൾ നൽകുന്ന ഒന്നാണ്. ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസങ്ങളും ചിലപ്പോൾ കലഹങ്ങളും ഉണ്ടായേക്കാം. എന്നാൽ വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. അവസരങ്ങൾ തുറന്നുവരുന്ന സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാകും. എന്നാൽ ജോലിസ്ഥലത്ത് ശ്രദ്ധിക്കണം. ശത്രുതയും തസ്കരഭയവും മാനഹാനിയും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കർമ്മ മേഖലയിൽ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ സമയത്ത് അഗ്നി മൂലം വളരെയധികം ദോഷങ്ങൾ ഉണ്ടായേകാം. ഉഷ്ണ രോഗങ്ങൾ, ഉയരത്തിൽ നിന്നുള്ള വീഴ്ച, മുറിവ് എന്നിവയും സംഭവിക്കാം. പണം, ആഭരണം എന്നിവ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്. പിതാവിനോ പിതൃ ബന്ധുക്കൾക്കോ ഈ സമയം ക്ലേശകരമായിരിക്കും. വാഹനം ഓടിക്കുമ്പോൾ മറ്റും അഗ്നി ശമന ഉപകരണങ്ങൾ കരുതുന്നത് ഉചിതമായിരിക്കും. വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോഴും ശ്രദ്ധ ചെലുത്തുക. പർവ്വതാരോഹണം ഒക്കെ പിന്നെത്തേക്ക് മാറ്റി വയ്ക്കുന്നത് നല്ലതായിരിക്കും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഈ സമയത്ത് സ്ത്രീകൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ പരാജയവും ശത്രുക്കളിൽ നിന്നുള്ള ഉപദ്രവവും വർദ്ധിക്കും. വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. വിഷഭയം, ഭക്ഷ്യവിഷബാധ, തൊഴിൽ നഷ്ടം, രോഗങ്ങൾ എന്നിവയും ഈ സമയത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഈ സമയത്ത് ആയുധങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ആയുധ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്നും ധനനേട്ടം ഉണ്ടാകും. ഈ സമയത്ത് സൈന്യത്തിൽ ചേരുന്നതിനും അനുകൂലമാണ്. സൈനികർക്ക് മികച്ച സമയം ആണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ സമയത്ത് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കഴിവതും ക്ഷമയോടെ പെരുമാറുക. വിദേശയാത്രക്ക് സാധ്യതയുണ്ടെങ്കിലും അത് അത്ര സുഖകരമായിരിക്കില്ല. വിജയസാധ്യത ചിന്തനീയം. എന്നാൽ ദശനാഥനെ പ്രീതിപ്പെടുത്തി വിജയസാധ്യത വർദ്ധിപ്പിക്കാവുന്നതാണ്. ഉദര-നേത്ര രോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാകും, താല്പര്യം ഉണ്ടെങ്കിലും ഇപ്പോൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. എന്നാൽ, ഈ സമയത്ത് ചിലർക്ക് സ്ഥാനലബ്ധി, കീർത്തി, ശയന സുഖം എന്നിവ ലഭിക്കാൻ യോഗമുണ്ട്.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ സമയത്ത് രോഗങ്ങൾ മാറി ശരീരസുഖം ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. സർവകാര്യ വിജയം, കുടുംബ സുഖം, ധനലാഭം, ശത്രുക്കൾക്ക് ഹാനി, വ്യവഹാരങ്ങളിൽ വിജയം, ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഐക്യവും സന്തോഷവും നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ഭൂമിയോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ അനുകൂല സമയം ആണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
രോഗാദി ദുരിതങ്ങളാൽ അലട്ടാൻ സാധ്യതയുണ്ട്. ശരീരത്തിൽ വീഴ്ച മൂലമോ അപകടം മൂലമോ മുറിവ്/ഒടിവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അവർക്ക് രോഗം, പഠനത്തിൽ തടസ്സം, അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാം. സ്വത്തുതർക്കം, തൊഴിൽ ക്ലേശം, ദമ്പതികൾ തമ്മിൽ ഐക്യം ഇല്ലായ്മ, കേസ് വഴക്കുകൾ എന്നിവയും ഈ സമയത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. സ്വത്തു തർക്കത്തിന് പോകാൻ പറ്റിയ സമയം അല്ല. ദേഷ്യം നിയന്ത്രിക്കുക വഴി വലിയ കഷ്ടങ്ങൾ മാറി പോകും. ഈ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ക്ഷമയോടെയും ശ്രദ്ധയോടെയും കാര്യങ്ങൾ നേരിടാൻ ശ്രമിക്കുക. ദിനവും ഇഷ്ടദേവത ദർശനം നടത്തുന്നത് നല്ലതായിരിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ സമയത്ത് നിങ്ങൾക്ക് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും പിരിമുറുക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ദമ്പതികൾക്ക് വിവാഹമോചനം വരെ നേരിടേണ്ടി വന്നേക്കാം. ഉദരരോഗം, രക്തസംബന്ധമായ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ സംഭവിക്കാനും അവ ബുദ്ധിപൂർവം കൈകാര്യം ചെയ്തില്ല എങ്കിൽ തൊഴിൽ നഷ്ടപ്പെടാനും വരെ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ വളരെ ജാഗ്രത പുലർത്തുക. മാതാവിന് ഈ സമയത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കൃഷിയിൽ നഷ്ടം വരാനും വരുമാനം കുറയാനുള്ള സാധ്യതയൊക്കെയുണ്ട്. പക്ഷികളും മൃഗങ്ങളും മൂലം നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. സ്വന്തം വളർത്തു മൃഗങ്ങളോട് പോലും അകലം പാലിക്കുക.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ സമയം വളരെ അനുകൂലമാണ്. ജോലിസ്ഥലത്ത് വിജയവും പുരോഗതിയും ലഭിക്കും. പുതിയ ജോലി ലഭിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ ഐക്യവും സ്നേഹവും നിലനിൽക്കും.നല്ല ആരോഗ്യവും ശരീര സുഖവും ലഭിക്കും. രുചികരമായ ഭക്ഷണം കഴിക്കാൻ യോഗമുണ്ട്. ദൈവാനുഗ്രം അനുഭവത്തിൽ വരും. സ്വപ്നം കണ്ട വീട് വാങ്ങാൻ സാധിക്കും. അപ്രതീക്ഷിതമായി ഭാഗ്യം ലഭിക്കും. സന്താനങ്ങൾ ഇല്ലാതിരുന്നവർക്ക് ഈ സമയത്ത് സന്താനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയം നന്നായി പ്രയോജനപ്പെടുത്തുക.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ സമയത്ത് ചില അപകടസാധ്യതകളും നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. അനാവശ്യമായ കൂട്ടുകെട്ടുകൾ നഷ്ടങ്ങൾ ഉണ്ടാക്കും. ഉന്നതതലങ്ങളിൽ നിന്നോ സർക്കാർ സംബന്ധമായ കാര്യങ്ങളിൽ നിന്നോ ദോഷം സംഭവിക്കാൻ സാധ്യതയുണ്ട്. ശിക്ഷ, പിഴ ഒക്കെയും വന്നേക്കാം. ചതിയിൽ പെടാതെ സൂക്ഷിക്കുക. ബന്ധുജന ഹാനി സംഭവിച്ചേക്കും. അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യതയുണ്ട്. വളരെ സൂക്ഷ്മതയോടെ വേണം അത്തരം ആരോപണങ്ങൾ കൈകാര്യം ചെയേണ്ടുന്നത്.
രോഗാദി ദുരിതം അനുഭവിക്കേണ്ടി വന്നേക്കാം. ഉപയോഗിക്കുന്ന വാക്കുകൾ വളരെയധികം ശ്രദ്ധിക്കുക. അനാവശ്യമായ വാക്കുകൾ, പ്രസ്താവനകൾ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും. അഗ്നിബാധയ്ക്ക് ഇരയായേക്കാം. കഴിവതും അഗ്നിയിൽ നിന്നും അകന്നു നിൽക്കുക. ശത്രുക്കളിൽ നിന്ന് ദോഷം സംഭവിക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
വാഹനമോടിക്കുന്നവർ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അപകടസാധ്യതകൾ വർദ്ധിച്ചിരിക്കുന്ന സമയം ആണ്. യാത്ര ചെയ്യുന്ന വാഹനത്തിന് തീപിടുത്തം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കുക. ബന്ധുക്കളിൽ നിന്ന് അകൽച്ച, ചിലരുടെ മരണം ഒക്കെയും ഉണ്ടായേക്കാം. ത്വക്ക് രോഗങ്ങൾ ശല്യം ചെയ്തേക്കാം. ശരീരത്തിൽ മുറിവ്, ചതവ്, ഒടിവ് ഒക്കെ ഉണ്ടാകാതെ സൂക്ഷിക്കുക. ബന്ധുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായവ്യത്യാസവും കലഹവുമുണ്ടാകാതെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയുക.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ സമയത്ത് വിദേശയാത്ര, വിദേശത്തെ താമസം, വിദേശത്തെ ജോലി എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ എല്ലാവർക്കും ഇത് ഗുണകരമായിരിക്കില്ല. ചിലർക്ക് വിദേശയാത്രയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഉദ്ദേശിച്ച ശമ്പളം ലഭിക്കാത്ത അവസ്ഥ, ഇടനിലക്കാരുടെ തെറ്റിദ്ധാരണ മൂലം ജോലിയിൽ മാറ്റം, ക്ലേശകരമായ അവസ്ഥ എന്നിവ ഉണ്ടാകാം. ജോലിസ്ഥലത്ത് പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ അകൽച്ച ഉണ്ടയേക്കാം. കോടതി കേസുകളിൽ ഒഴിവാക്കാൻ ശ്രമിക്കുക. ശത്രുക്കളിൽ നിന്ന് ഭയം ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിച്ചേക്കും. ഉഷ്ണ രോഗങ്ങൾ ബാധിച്ചേക്കാം. അഭിമാനത്തിന് ഹാനി സംഭവിക്കാൻ സാധ്യതയുണ്ട്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)