ന്യൂഡൽഹി: ജർമൻ ഓട്ടോമോട്ടീവ് ഭീമനായ BMW ഗ്രൂപ്പും ഭാരതത്തിന്റെ ടാറ്റ ടെക്നോളജീസും കൈക്കോർക്കുന്നു. ഇരുകമ്പനികളും ചേർന്ന് ഓട്ടോമോട്ടീവ് സോഫ്റ്റ്വെയറും ഐടി ഡെവലപ്മെന്റ് ഹബ്ബും ഇന്ത്യയിൽ നിർമിക്കുകയാണ് ലക്ഷ്യം. സംയുക്ത സംരംഭത്തിനായി ഇരുകൂട്ടരും കരാറിൽ ഒപ്പിട്ടു. പൂനെ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഐടി ഹബ്ബ് തുടങ്ങുമെന്ന് കമ്പനികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംയുക്ത സംരംഭത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ ബെംഗളൂരുവിലും പൂനെയിലുമാകും നടക്കുക. ചെന്നൈയിൽ ഐടി സൊലൂഷൻസിന് പ്രാധാന്യം നൽകും. സംയുക്ത കരാർ നടപ്പിലാക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടിയിരിക്കുകയാണെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.
സോഫ്റ്റ്വെയർ-ഡിഫൈൻഡ് വെഹിക്കിൾ (SDV), ബിഎംഡബ്ല്യൂ ഗ്രൂപ്പ് പ്രീമിയം കാറുകളുടെ സൊലൂഷൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് എന്നിവ ഉൾപ്പെടുന്ന ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ തയ്യാറാക്കുകയാണ് കരാർ കൊണ്ട് ലക്ഷ്യമിടുന്നത്. 100 ഇന്നോവേറ്റേഴ്സിനെ ഉൾപ്പെടുത്തി സംരംഭം ആരംഭിക്കുമെന്നും വരുംവർഷങ്ങളിൽ ഇന്നോവേറ്റേഴ്സിന്റെ എണ്ണം നാലക്കം കടക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. സോഫ്റ്റ്വെയറുകളും ഐടി ഹബ്ബുകളും അടങ്ങുന്ന BMW ഗ്രൂപ്പിന്റെ ഗ്ലോബൽ നെറ്റ് വർക്കിന്റെ ഭാഗമാകും പുതിയ സംരംഭം.
BMW ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനൊരുങ്ങുന്ന പുതിയ സംരംഭം ഡിജിറ്റൽ എൻജിനീയറിംഗ്, ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരമുള്ള സൊലൂഷൻസ് നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ ടെക്നോളജീസ് സിഇഒയും എംഡിയുമായ വാരൻ ഹാരിസ് പ്രതികരിച്ചു. പ്രീമിയം ഉത്പന്നങ്ങൾ നിർമിക്കുന്നതിനും മികച്ച ഡിജിറ്റൽ എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നതിനും ബിസിനസ് ഐടിയലെ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും ബിഎംഡബ്ല്യൂ ഗ്രൂപ്പിന് ആവശ്യമായ എല്ലാ സഹായവും ടാറ്റ ഉറപ്പുവരുത്തും. ടാറ്റയുമായി ഒന്നിച്ചുള്ള പ്രവർത്തനം software-defined vehicle മേഖലയിൽ BMWവിന്റെ പുരോഗതി ഉയരാൻ മുതൽക്കൂട്ടാകുമെന്ന് BMW ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫ് ഗ്രോട്ട് പ്രതികരിച്ചു. കൂടാതെ ഭാരതത്തിൽ കഴിവുറ്റ എൻജിനീയർമാർ ധാരാളമുണ്ടെന്നും പുതിയ സോഫ്റ്റ്വെയർ സംരംഭത്തിലേക്ക് സുപ്രധാന സംഭാവനകൾ നൽകാൻ അവർക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.