കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചിന്നക്കടയിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പണം നടത്തിയത്. കൊല്ലം ജില്ലാ കളക്ടർ എൻ ദേവിദാസിനാണ് പത്രിക നൽകിയത്. പത്രിക സമർപ്പിക്കാൻ കൃഷണകുമാറിനൊപ്പം ഭാര്യ സിന്ധു, മകൾ ദിയ കൃഷ്ണ ,ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ, കെ.എൻ സോമൻ എന്നിവരും ഒപ്പുണ്ടായിരുന്നു.
കൊല്ലം മണ്ഡലത്തിലെ ഓരോ ജനങ്ങളും വികസനം ആഗ്രഹിക്കുന്നുണ്ടെന്ന് പത്രിക സമർപ്പിച്ചതിന് ശേഷം ജി. കൃഷ്ണകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദിയുടെ വികസനപദ്ധതികളെകുറിച്ച് ജനങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ജയിക്കുക എന്ന വിശ്വാസത്തോടുകൂടിയാണ് മുന്നോട്ട് പോകുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാരിലേക്ക് ഇവിടെനിന്നും ഒരു പ്രതിനിധിയെ അയക്കണമെന്ന് ജനങ്ങൾ തീരുമാനം എടുത്തുകഴിഞ്ഞു. ജാതിമത ഭേദമന്യേ എല്ലാവരും ഞങ്ങളോടൊപ്പം ചേർന്നിരിക്കുന്നു എന്നത് അതിന്റെ തെളിവാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.