മലപ്പുറം: മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി ജലാലുദ്ദീൻ ശൈഖ് അറസ്റ്റിലായി. മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ബംഗാളിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി വ്യാപക പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.