കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളയാതോടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരിക്കേറ്റ വിനീഷിന്റെ നിലയും ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഷെറിനും വിനീഷും സിപിഎം പ്രവർത്തകരാണ്.
ഇന്ന് പുലർച്ചെയാണ് മുളിയാതോട് മരമില്ലിന് സമീപം ഉഗ്രസ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ വിനീഷിന്റെ കൈകൾ അറ്റുപോവുകയും ഷെറിന്റെ മുഖത്തും മറ്റും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസും പരിശോധനകൾ നടത്തി വരികയാണ്.