ആലപ്പുഴ : മുതുകുളം എസ്.എൻ.എം.യു.പി.എസ് എന്ന ശ്രീനാരായണമംഗലം യു പി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഏപ്രിൽ 6 , 7 തീയതികളിൽ തുടക്കമാവുന്നു.
1924 ൽ “മങ്ങാട്ട് ഉമ്മിണിക്കുഞ്ഞ്” ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടർന്ന് അദ്ദേഹത്തിന്റെ സഹോദരനും തികഞ്ഞ ഗാന്ധിയനുമായ എം.കെ.കുട്ടൻ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ കയറി.
പഴയകാല ഗ്രാമീണതയുടെ സൗന്ദര്യം ഓളം വെട്ടുന്ന രീതിയിലുള്ള പഞ്ചമണൽ നിറഞ്ഞ വിശാലമായ സ്കൂൾ മുറ്റവും, സ്കൂളിന്റെ മുന്നിൽ പടർന്നു പന്തലിച്ച് തണൽ വിരിച്ചു നിൽക്കുന്ന നാട്ടുമാവും സ്കൂളിനെ ചുറ്റി ഒഴുകുന്ന ഇടത്തോടും എല്ലാം ഈ വിദ്യാലയ മുത്തശ്ശിയെ അങ്ങേയറ്റം ഔന്നത്യത്തിൽ എത്തിക്കുന്നു.
ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു ഗാന്ധിപ്രതിമയാണ് ഇവിടെയുള്ളത്. 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റ് മരണപ്പെട്ടതിനെത്തുടർന്ന് പരിമിതമായ ദിവസങ്ങൾക്കുള്ളിൽ ത്തന്നെ, ഗാന്ധിഭക്തനായ മാനേജർ എം.കെ.കുട്ടൻ ആണ് ഈ പ്രതിമ നിർമ്മിക്കാൻ നേതൃത്വം ഏറ്റെടു ത്തത്.മദ്രാസിൽ നിന്നും കൊല്ലത്തേക്ക് ട്രെയിനിലും അവിടെ നിന്ന് ബോട്ടിലും തുടർന്ന് വള്ളത്തിലും പിന്നീട് തലച്ചുമടായും ആണ് പ്രതിമ സ്കൂളിൽ എത്തിച്ചത്. ഇന്ത്യയിലെ തന്നെ പരിമിതമായ ആദ്യകാലഗാന്ധിപ്രതിമകളിൽ ഒന്നാണ് ഇത്.
സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികൾ ഏപ്രിൽ 6,7 തീയതികളിൽ നടക്കുകയാണ്. 6 ന് രാവിലെ 9.30 ന് ഹരിപ്പാട് എം.എൽ.എ.രമേശ് ചെന്നിത്തല പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ അധ്യക്ഷയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ,ജില്ല പഞ്ചായത്തംഗം ജോൺ തോമസ് എന്നിവർ സമ്മാനവിതരണം നിർവ്വഹിക്കും. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു അനിൽകുമാർ, സബിത വിനോദ്,വാർഡ് മെമ്പർ ജി.എസ്.ബൈജു, പ്രഥമാധ്യാപിക പി.കെ.ശ്രീലത തുടങ്ങി വിദ്യാഭ്യാസസാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽസംബന്ധിക്കും.
നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാനേജർ കെ.വിജയമ്മ നിർവ്വഹിക്കും. തുടർന്ന് 2 ന് നടക്കുന്ന വിദ്യാഭ്യാസസമ്മേളനം അശോകൻ വേങ്ങശ്ശേരിഉദ്ഘാടനം ചെയ്യും. ഡോ.ബി.ജയപ്രകാശ് വിഷയാവതരണം നടത്തും.
3.30 ന് നടക്കുന്ന സാംസ്കാരിക സായാഹ്നം പ്രശസ്ത കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ഇഞ്ചക്കാട് ബാല ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് ഫോക് ലോർ അക്കാദമി അവാർഡ് നേതാവ് ചമ്പക്കുളം ബേബിയുടെ യും സംഘത്തിന്റെയും വഞ്ചിപ്പാട്ട്, കരോക്കെ ഗാനമേള എന്നിവയും ഉണ്ടാവും.
ഏപ്രിൽ 7ന് രാവിലെ 10 ന് വിദ്യാർഥികളുടെയും പൂർവ്വവിദ്യാർഥികളുടെയും കലാവിരുന്ന് “സർഗഗോത്സവം “വൈകിട്ട് 6 ന് ഗിരീഷ് രാമങ്കരിയും സംഘത്തിന്റെയും നാടൻപാട്ട് “പാട്ടുവഞ്ചി “.