സീസണിലെ ആദ്യ വിജയത്തിന് ഹോംഗ്രൗണ്ടിലിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. രോഹിത്തും ഇഷാൻ കിഷനും നൽകിയ വിസ്ഫോടന തുടക്കം അവസാന ഓവറുകളിൽ ടിം ഡേവിഡ് ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഡൽഹിക്ക് മുന്നിൽ ഉയർത്തിയത്.
ഏഴോവറിൽ 80 റൺസ് ചേർത്താണ് രോഹിത്-കിഷൻ സഖ്യം ഡൽഹിയെ പഞ്ഞിക്കിട്ടത്. രോഹിത് അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണപ്പോൾ കിഷൻ 42 റൺസെടുത്ത് പുറത്തായി. രോഹിത് 27 പന്തിലാണ് 49 റൺസ് നേടിയത്. കിഷൻ 23 പന്തിൽ 2 സിക്സും നാലു ഫോറുമടക്കമാണ് 42 റൺസ് നേടിയത്.
സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ സൂര്യകുമാർ യാദവ് ഡക്കായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് വേഗത്തിൽ റണ്ണുയർത്താനായില്ല. 33 പന്തിൽ 39 റൺസെടുത്ത മുംബൈ നായകനെ നോർക്യ പുറത്താക്കി. ആറു റൺസെടുത്ത തിലക് വർമ്മയും നിരാശപ്പെടുത്തി. പിന്നീട് ക്രീസിലെത്തിയ ടിം ഡേവിഡാണ് മുംബൈ ഇന്നിംഗ്സിന് കരുത്ത് പകർന്നത്.
ഹാർദിക് പുറത്തായ ശേഷമിറങ്ങിയ വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ് പടുകൂറ്റൻ സിക്സറുകളുമായി 10 പന്തിൽ 39 റൺസടിച്ച് മുംബൈ സ്കോർ 230 കടത്തി. അക്സർ പട്ടേൽ ആൻ്റിച്ച് നോർക്യ എന്നിവർ രണ്ടുവീതം വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഒരു വിക്കറ്റ് ലഭിച്ചു. ഇഷാന്ത് ശർമ്മയും ജെ റിച്ചാർഡ്സനും തല്ലുവാങ്ങി.