ന്യൂഡൽഹി: റംസാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ ഒരു പോസിറ്റീവായ ചുവടുവയ്പ്പാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ ഹമാസ് സംഘർഷത്തിന് പിന്നാലെയുണ്ടായ മാനുഷിക പ്രതിസന്ധി അംഗീകരിക്കാനാകില്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വ്യക്തമാക്കി.
” ഗാസയിൽ സംഘർഷം തുടരുന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. മാനുഷിക പ്രതിസന്ധി ഈ മേഖലയിൽ രൂക്ഷമായിരിക്കുകയാണ്. ഇത് ഗാസയിലുൾപ്പെടെ അസ്ഥിരത വർദ്ധിക്കുന്നതിന് കാരണമായി. മാർച്ച് അവസാനം യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച പ്രമേയത്തെ പോസിറ്റീവ് ആയ നടപടി ആയിട്ടാണ് ഇന്ത്യ കാണുന്നത്. ഇസ്രായേലും ഹമാസും തമ്മിൽ തുടരുന്ന സംഘർഷം സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് നയിച്ചു.
ഇപ്പോഴുണ്ടായിട്ടുള്ള മാനുഷിക പ്രതിസന്ധി ഒരിക്കലും അംഗീകരിക്കാനാകാത്ത ഒന്നാണ്. ഏത് സംഘർഷ സാഹചര്യത്തിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കേണ്ടതാണെന്നും” രുചിര കാംബോജ് വ്യക്തമാക്കി. റംസാൻ മാസത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം കഴിഞ്ഞ മാസം അവസാനമാണ് യുഎന്നിൽ അവതരിപ്പിച്ചത്. 14 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. സ്ഥിരാംഗമായ യുഎസ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നിരുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിലെ നിലപാട് ഇന്ത്യ പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും രുചിര കാംബോജ് എടുത്ത് പറഞ്ഞു. ഭീകരാക്രമണങ്ങളോ സാധാരണക്കാരെ ബന്ദികളാക്കുന്നതോ അംഗീകരിക്കാനാകില്ല. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്ത് കൊണ്ട് തന്നെ, ബന്ദികളെ നിരുപാധികം വിട്ടയയ്‌ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സാഹചര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ ഗാസയിലെ സാധാരണക്കാരായ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കേണ്ടതും ആവശ്യമാണ്. മേഖലയിൽ സമാധാനത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഐക്യരാഷ്‌ട്രസഭയുടെയും അന്താരാഷ്‌ട്ര സമൂഹത്തിന്റെയും ശ്രമങ്ങളേയും രുചിര കംബോജ് സ്വാഗതം ചെയ്തു.















