ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രി ധാം മെയ് 10ന് തുറക്കും. അക്ഷയ തൃതീയ ദിനത്തിൽ അഭിജിത് മുഹൂർത്തമായ 12.25-ഓടെയാകും നട തുറക്കുക. ഈ സമയത്ത് ക്ഷേത്രത്തിൽ ഗംഗാ സഹസ്രനാമം ചൊല്ലും. ക്ഷേത്ര കമ്മിറ്റിയുടെ ചുമതലയുള്ള ചെയർമാൻ ഹരിഷ് സെംവാൾ, സെക്രട്ടറി സുരേഷ് സെംവാളുമാണ് ക്ഷേത്രം തുറക്കുന്ന തീയതി പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.
മെയ് 9ന് മുക്ബ ഗ്രാമത്തിൽ നിന്നും ഗംഗാ ദേവിയുടെ വിഗ്രഹം ഗംഗോത്രി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി തിരിക്കും. രാത്രിയോടെ ഭൈരോൺ വാലി ഭൈരവ ക്ഷേത്രത്തിലെത്തി പിറ്റേ ദിവസം രാവിലെയോടെ ഗംഗോത്രിയിലെത്തും.
അതേസമയം മെയ് 10 മുതൽ കേദാർനാഥിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിക്കും. മെയ് 12-ന് ബദരീനാഥ് ധാമിലേക്കുള്ള തീർത്ഥാടനവും ആരംഭിക്കും.