മുംബൈ: പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലാണ് ചൊവ്വാഴ്ച വൈകിട്ട് ദാരുണ സംഭവം നടന്നത്. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം.
പൂച്ചയെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ആൾ കിണറ്റിൽ ബോധരഹിതനായി വീണു. പിന്നാലെ കിണറ്റിൽ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. കിണറ്റിലിറങ്ങിയ ആറാമനെ എന്നാൽ നാട്ടുകാരും ഫയർഫോഴ്സും രക്ഷിച്ചു. ഇയാൾ അശുപത്രിയിൽ ചികിത്സിയിലാണ്.
മരിച്ച 5 പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 5 മണിക്കൂറിലേറെ സമയമെടുത്താണ് കിണറിൽ വീണവരെ പുറത്തെത്തിച്ചത്.
മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനിൽ കാലെ, അനിൽ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. ഉപേക്ഷിക്കപ്പെട്ട കിണറായിരുന്നു ഇതെന്ന് പൊലീസ് അറിയിച്ചു. കാർഷികാവശിഷ്ടങ്ങൾ ഉൾപ്പെടെ തളളിയിരുന്ന സ്ഥലമാണിത്. അതാകാം വിഷവാതകം ഉണ്ടാകാൻ കാരണമെന്നും പൊലീസ് പറയുന്നു.
















