ഇന്ന് ഏപ്രിൽ 11, ദേശീയ വളർത്തുമൃഗ ദിനം. നിങ്ങളുടെ ഓമന വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരെ ഊർജ്ജസ്വലരാക്കി പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. 2006 ൽ കൊളീൻ പേയ്ജ് എന്ന അമേരിക്കക്കാരിയുടെ ശ്രമഫലമായാണ് വളർത്തുമൃഗങ്ങൾക്ക് മാത്രമായൊരു ദിനം നിലവിൽ വന്നത്. മൃഗസംരക്ഷണ പ്രവർത്തകയായ കൊളീൻ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനും ദത്തെടുക്കുന്നതിനുമെല്ലാം മുൻനിരയിൽ പ്രവർത്തിക്കുന്നുണ്ട്.
ഉടമകളോട് അങ്ങേയറ്റം വിശ്വാസ്യതയും സ്നേഹവും വച്ചുപുലർത്തുന്നവരാണ് മിക്ക വളർത്തു മൃഗങ്ങളും. നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കുന്നതിനുള്ള പരിപാലന രീതികൾ തിരഞ്ഞെടുക്കാനുള്ള അനുയോജ്യമായ ദിനം കൂടിയാണിന്ന്. വെറ്റ് ചെക്ക്-അപ്, പതിവായുള്ള വ്യായാമ മുറകൾ തുടങ്ങി അവരുടെ ജീവിത ശൈലിയിൽ നിങ്ങളുണ്ടാക്കുന്ന മാറ്റങ്ങൾ വളർത്തുമൃഗങ്ങളെ കൂടുതൽ കാലം ജീവിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും.
അത്തരം ചില വളർത്തുമൃഗ പരിപാലന രീതികൾ പരിചയപ്പെടാം:-
1. പതിവ് വ്യായാമവും വളർത്തുമൃഗങ്ങളുമായുള്ള രസകരമായ കളികളും
ആരോഗ്യകരമായ ഭാരം നിലനിർത്താനും പേശികളെ ശക്തിപ്പെടുത്താനും അവയുടെ മനസ്സിനെ ഉത്തേജിപ്പിക്കാനും വളർത്തുമൃഗങ്ങളെ പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ നടത്തം, നീന്തൽ, അവരെ ഊർജ്ജസ്വലരാക്കുന്ന തരം ഗെയിമുകൾ എന്നിവ ഉൾപ്പെടുത്താം.
2. സാമൂഹികവൽക്കരണവും മാനസികമായ ഉത്തേജനവും
വിരസത, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ തടയുന്നതിന് മറ്റു മൃഗങ്ങളുമായും ആളുകളുമായും സാമൂഹിക ഇടപെടലിനുള്ള അവസരങ്ങൾ വളർത്തുമൃഗങ്ങൾക്ക് നൽകുക. അവരെ കെട്ടിയിടുകയോ ചങ്ങലയ്ക്കിടുകയോ ചെയ്യരുത്. മനുഷ്യനുമായും മറ്റു മൃഗങ്ങളുമായും ഇടപഴകേണ്ടുന്ന ഒരു സാമൂഹിക ജീവി തന്നെയാണ് വളർത്തുമൃഗങ്ങളെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദീർഘകാലം കൂട്ടിലിട്ടു വളർത്തുന്നതും നിയന്ത്രിക്കുന്നതും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ഗുരുതരമായി ബാധിക്കും.
3. ശരിയായ പോഷകാഹാരം നൽകുക
വളർത്തുമൃഗങ്ങൾക്ക് അവരുടെ ഇനം, പ്രായം, ആരോഗ്യനില എന്നിവയ്ക്ക് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള സമീകൃതാഹാരം നൽകുക. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ഇത്തരം ആവശ്യങ്ങൾ മനസിലാക്കുന്നതിന് ഒരു മൃഗഡോക്ടറെ സമീപിക്കുക. അവയ്ക്കു എല്ലായ്പ്പോഴും ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്നു ഉറപ്പു വരുത്തുക.
4. ഒരു ദിനചര്യ സജ്ജമാക്കി രേഖകൾ സൂക്ഷിക്കുക
വളർത്തുമൃഗങ്ങൾക്ക് സുരക്ഷിതത്വവും പരിചിതത്വവും ഉറപ്പാക്കുന്നതിന് ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവയ്ക്ക് സ്ഥിരമായ ഒരു ദിനചര്യ പാലിക്കുക. ചികിത്സയുടെയും വാക്സിനേഷന്റെയും എല്ലാ രേഖകളും സൂക്ഷിക്കുക. മെഡിക്കൽ എമർജൻസിയുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇത് ഉപയോഗപ്രദമാകും
5. സ്നേഹവും ശ്രദ്ധയും
വളർത്തുമൃഗങ്ങൾക്ക് ധാരാളം സ്നേഹവും ശ്രദ്ധയും വാത്സല്യവും നൽകുക. ശക്തമായ ഒരു വൈകാരിക ബന്ധം വളർത്തുന്നതിനും അവരുടെ മൊത്തത്തിലുള്ള ശാരീരിക-മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.