തിരുവനന്തപുരം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും വേദി പങ്കിടും.
ബിജെപി എ ക്ലാസ് മണ്ഡലങ്ങളാണ് തിരുവനന്തപുരവും ആറ്റിങ്ങലും. ഇരുമണ്ഡലങ്ങളിലും വിജയസാധ്യതയും പാർട്ടിക്ക് കൂടുതലാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റെ സ്ഥാനാർത്ഥിത്വം ആറ്റിങ്ങലിൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്.
മണ്ഡലത്തിൽ വിജയസാധ്യത വർധിച്ചിട്ടുണ്ടെന്നും കൂടുതൽ ആത്മവിശ്വാസം പകർന്ന് നൽകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് പറഞ്ഞു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജീവ് ചന്ദ്രശേഖറിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.