തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കന്യാകുമാരിയിൽ. തക്കലയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണന്റെയും വിളവങ്കോട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നന്ദിനിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അമിത് ഷാ കന്യാകുമാരിയിലെത്തുന്നത്.
നാഗർകോവിൽ ആംഡ് ഫോഴ്സ് ഗ്രൗണ്ടിലിറങ്ങിയ ശേഷം റോഡ് മാർഗമായിരിക്കും അദ്ദേഹം തക്കലയിലെത്തുക. തക്കല പഴയ ബസ് സ്റ്റാന്റ് മുതൽ മേട്ടുക്കട വരെയാണ് റോഡ് ഷോ നടക്കുന്നത്. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രദേശത്തെ വിവിധയിടങ്ങളിൽ കേന്ദ്ര സുരക്ഷാ സേന പരിശോധന നടത്തിയിട്ടുണ്ട്.
ഇന്നലെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. മധുരയിൽ തെരഞ്ഞെടുപ്പ്
പ്രചാരണത്തിന്റെ ഭാഗമായുളള റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയത്. ഹോട്ടൽ ഹൈസിന്തിലായിരുന്നു താമസം. അമിത് ഷായുടെ വരവ് കണക്കിലെടുത്ത് നഗരത്തിലുടനീളം കർശന പരിശോധന നടത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.