ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.
‘ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പൂർണ ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു’. എന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പ്. ഇന്നലെ വൈകിട്ട് വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ആന്ധ്രാ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ നെറ്റിക്കാണ് പരിക്കേറ്റത്.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് റെഡ്ഡിക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. ഇടതുപുരികത്തിന് മുകളിലായാണ് അദ്ദേഹത്തിന് മുറിവേറ്റത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു. സംഭവത്തിന് പിന്നിൽ ടിഡിപി പ്രവർത്തകരാണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു.
കല്ലേറിൽ വിജയവാഡ വെസ്റ്റിൽ നിന്നുള്ള ജനപ്രതിനിധി വെള്ളാംപള്ളി ശ്രീനിവാസിനും പരിക്കേറ്റിട്ടുണ്ട്. ജഗന് സമീപമായിരുന്നു ശ്രീനിവാസും നിന്നിരുന്നത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിലാണ് പരിക്കേറ്റത്.