ലോകത്തിലെ ഏറ്റവും പ്രായമേറിയ സയാമീസ് ഇരട്ടകൾ അന്തരിച്ചു. ലോറിയും ജോർജും 62-ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. പെൻസിൽവാനിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഏഴിനായിരുന്നു ഇരുവരും മരണത്തിന് കീഴടങ്ങിയത്. ലോറിക്കും ജോർജിനും ആദരാഞ്ജലികൾ അർപ്പിച്ച് കഴിഞ്ഞ ദിവസം ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പോസ്റ്റ് പങ്കുവച്ചതോടെയാണ് ഇരുവരുടെയും മരണവാർത്ത ലോകമറിഞ്ഞത്.
1961 സെപ്റ്റംബർ 18നായിരുന്നു സയാമീസ് ഇരട്ടകളുടെ ജനനം. തലച്ചോറിന്റെ 30 ശതമാനവും, രക്തക്കുഴലുകളും പങ്കുവച്ചായിരുന്നു ഇരുവരും പിറന്നുവീണത്. ഇരുവരുടെയും ശിരസ് കൂടിച്ചേർന്ന അവസ്ഥയിലാണെങ്കിലും രണ്ട് പേർക്കും വ്യത്യസ്തമായ കരിയറിലൂടെ മുന്നോട്ടുപോകാൻ അതൊരു തടസമായിരുന്നില്ല. സംഗീത മേഖലയിൽ ജോർജും ടെൻ-പിൻ ബൗളിംഗിൽ ലോറിയും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ഒരേ ലിംഗത്തിൽ പിറന്ന സയാമീസ് ഇരട്ടകളായിരുന്നുവെങ്കിലും ജോർജ് പിന്നീട് ട്രാൻസ്ജെൻഡറാവുകയും ശേഷം തന്റെ വ്യക്തിത്വം പുരുഷന്റേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2007ലായിരുന്നു സംഭവം. സയാമീസ് ഇരട്ടകളാണെങ്കിലും ഇരുവർക്കും വ്യത്യസ്തമായ ദിനചര്യകളും ശീലങ്ങളും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് മാറി മറ്റൊരു അപ്പാർട്ട്മെന്റിൽ സ്വതന്ത്രമായാണ് ഇരുവരും താമസിച്ചിരുന്നത്. രണ്ട് പേർക്കും വെവ്വേറെ മുറിയും ഉണ്ടായിരുന്നു. ഓരോ ദിവസവും ഓരോ മുറിയിൽ കിടക്കുന്നതായിരുന്നു രീതി. രണ്ട് പേരുടെയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഇരുവരും ബഹുമാനിച്ചിരുന്നു.
രണ്ടായി പിരിയണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു ആജീവനാന്തം ഇരുവരും പറഞ്ഞിരുന്നത്. ആറ് സഹോദരങ്ങളും അച്ഛനും അടങ്ങുന്നതായിരുന്നു ജോർജിന്റെയും ലോറിയുടെയും കുടുംബം.