തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ 23 വരേയ്ക്കാണ് ജൂഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.
മാർച്ച് 21ന് നടന്ന ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി രാവിലെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാൽ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഏപ്രിൽ 29ന് ഹർജി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. അറസ്റ്റ് ചോദ്യം ചെയ്ത് നേരത്തെ ഡൽഹി ഹൈക്കോടതിയെ കെജ്രിവാൾ സമീപിച്ചിരുന്നു. എന്നാൽ ഇത് തള്ളിയതോടെയാണ് ആംആദ്മി നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിയുമായി ബന്ധപ്പെട്ട് ഇഡിയുടെ പ്രതികരണം തേടി അന്വേഷണ ഏജൻസിക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. കെജ്രിവാളിന് വേണ്ടി അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് കോടതിയിൽ ഹാജരായത്. ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടയുന്നതിന് വേണ്ടിയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കെജ്രിവാൾ വാദിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദിപാങ്കർ ദത്തയുമടങ്ങുന്ന രണ്ടംഗ ബെഞ്ചിന് മുൻപിലാണ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കപ്പെട്ടത്.