കശ്മീർ: കശ്മീരിൽ സമാധാനം പുന:സ്ഥാപിച്ചും, വികസനത്തിന് തുടക്കമിടുകയും ചെയ്ത് കൊണ്ട് നരേന്ദ്രമോദി സർക്കാർ ജനങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വിശ്വാസം കശ്മീരിൽ താമരകളായി വിരിയുമെന്നും അദ്ദേഹം പറഞ്ഞു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ ഈ സർക്കാർ പാകിസ്താൻ സ്പോൺസേഡ് തീവ്രവാദത്തെ കശ്മീരിൽ നിന്ന് ഇല്ലാതാക്കി. ഇന്ന് അവിടെ കല്ലേറുകൾ നടക്കുന്നില്ല. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. യുവാക്കളുടെ കൈകളിൽ കല്ലുകൾക്ക് പകരം ലാപ്ടോപ്പുകൾ ഇടം പിടിച്ചു.
കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി എന്നീ മൂന്ന് പാർട്ടികളും കശ്മീരിനെ പരമാവധി ചൂഷണം ചെയ്തു. ജമ്മു കശ്മീരിൽ ജനാധിപത്യം നടപ്പാക്കാൻ അവർ അനുവദിച്ചില്ല. ഈ പാർട്ടികളുടെ നേതൃത്വത്തിൽ വന്ന സർക്കാർ യുവാക്കൾക്ക് തോക്കുകൾ നൽകി, വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി അവരെ കൊലപ്പെടുത്തി. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് വികസനം നടപ്പിലാക്കാനും, സമാധാനം പുന:സ്ഥാപിക്കാനുമാണ് മോദി സർക്കാർ ശ്രമിച്ചത്.
ജനങ്ങളുടെ ക്ഷേമത്തിനാണ് മോദി സർക്കാർ എല്ലാക്കാലത്തും പ്രാധാന്യം കൊടുത്തത്. കഴിഞ്ഞ 70 വർഷത്തെ ഭീകരവാദ പ്രവർത്തനങ്ങളിലൂടെ കശ്മീർ എല്ലാ മേഖലകളിലും പിന്നിലായി. എന്നാൽ അവിടെ വികസനം കൊണ്ടുവന്നത് നരേന്ദ്രമോദിയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കി. ഇന്ന് കശ്മീരിൽ എല്ലായിടത്തും ത്രിവർണ പതാക ആകാശത്തിൽ ഉയരെ പറക്കുകയാണ്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങളും രണ്ട് പതാകകളും ഉണ്ടാകരുതെന്ന ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അവകാശങ്ങൾ പുന:സ്ഥാപിക്കുക കൂടിയാണ് ഇവിടെ ചെയ്തതെന്നും” അമിത് ഷാ പറയുന്നു.