കൊച്ചി: സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ഇസ്രായേൽ വിരുദ്ധ ബാനർ നീക്കം ചെയ്ത ഓസ്ട്രേലിയൻ വനിതകൾക്കെതിരെ കേസ്. ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ തന്നെ ഒരു ഹോംസ്റ്റേയിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ആവശ്യമെങ്കിൽ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫോർട്ട് കൊച്ചി ഭാഗത്ത് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർ സ്ഥാപിച്ച ഇസ്രായേൽ വിരുദ്ധ ബാനർ വിദേശ വനിതകൾ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രവർത്തകരുമായി യുവതികൾ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് വൈറലായ വീഡിയോയിൽ കാണാം.
സംഭവത്തിൽ ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകരാണ് പരാതി നൽകിയത്. സംഭവത്തിൽ എസ്ഐഒ പ്രവർത്തകർ ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷന് മുന്നിൽ അക്രമം നടത്തുകയും ചെയ്തു.