തിരുവനന്തപുരം; തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നാല്പതിനായിരത്തോളം ഇരട്ട വോട്ടർമാരുള്ളതായി പരാതി. എൻഡിഎ നേതൃത്വമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിന് ഇത് സംബന്ധിച്ച പരാതി നൽകിയത്.
ബിജെപി ജില്ലാ പ്രസിഡന്റും തിരുവനന്തപുരം എൻ.ഡി.എ കൺവീനറുമായ വി.വി.രാജേഷിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘമാണ് കളക്ടറെ സന്ദർശിച്ച് പരാതി നൽകിയത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും എൻഡിഎ പരാതി നൽകിയിട്ടുണ്ട്.
ബി.ജെ.പി നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് ആന്റണി ജോസഫ് എന്നിവരും ജില്ലാ കളക്ടറെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അധികാരികൾ ഇടപെടണമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും അഭ്യർത്ഥിച്ചു.