തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. വെട്ടുകാട് സ്വദേശി മനുവാണ് പിടിയിലായത്. കൊച്ചുവേളിക്കടുത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം വച്ച് 35,000 രൂപ തട്ടിയ സംഭവത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
സ്വർണാഭരണമെന്ന് തോന്നിപ്പിക്കുന്ന ബ്രേസ്ലേറ്റർ പണയം വച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 8 ഗ്രാം തൂക്കം ഇതിനുണ്ടായിരുന്നു. ബ്രേസ്ലെറ്റർ പണയം വയ്ക്കുകയും ഇതിൽ നിന്ന് ലഭിച്ച പണംകൊണ്ട് കടന്നുകളയാനും യുവാവ് ശ്രമിച്ചു. എന്നാൽ ആഭരണത്തിന്റെ കാര്യത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഇതോടെ സ്ഥാപനയുടമ പൊലീസിൽ പരാതിപ്പെട്ടു. പണവുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.