ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠിയെ നിയമിച്ചു. ഈ മാസം 30-നാണ് നാവികസേനാ മേധാവിയായി ത്രിപാഠി ഔദ്യോഗികമായി അധികാരമേൽക്കുന്നത്. നിലവിൽ വൈസ് ചീഫ് ഓഫ് നേവി സ്റ്റാഫായാണ് ത്രിപാഠി സേവനമനുഷ്ഠിക്കുന്നത്.
40 വർഷം നീണ്ട തന്റെ കരിയറിൽ നിരവധി സുപ്രധാന ചുമതലകൾ നിർവഹിച്ച വ്യക്തിയാണ് ദിനേശ് ത്രിപാഠി. സൈനിക് സ്കൂൾ രേവയിലും നാഷണൽ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയിലേക്ക് എത്തുന്നത്. തുടർന്ന് നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ സിഗ്നൽ കമ്മ്യൂണിക്കേഷൻ ഓഫീസറായും ഇലക്ട്രോണിക് വാർഫെയർ ഓഫീസറായും സേവനമനുഷ്ഠിച്ചു.
പിന്നീട് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫീസറായും പ്രിൻസിപ്പൽ വാർഫെയർ ഓഫീസറായും ചുമതലയേറ്റു. നാഷ്, കിർച്ച്, ത്രിശൂൽ എന്നീ ഇന്ത്യൻ നാവിക കപ്പലുകളുടെ കമാൻഡായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട ജീവിതത്തിൽ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2019-ൽ കേരളത്തിലെ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചു. 2020 ജൂലൈ മുതൽ 2021 മെയ് വരെ അദ്ദേഹം നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായിരുന്നു.