മലപ്പുറം: മലപ്പുറം വണ്ടൂരിൽ എംഎസ്എഫ്-കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലീം ലീഗിന്റെയും, എംഎസ്എഫിന്റേയും കൊടി വീശിയിരുന്നു. ഇത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്
കൊടി ഉപയോഗിക്കേണ്ടതില്ല എന്ന ധാരണ എംഎസ്എഫ് പ്രവർത്തകർ തെറ്റിച്ചു എന്ന് ആരോപിച്ചാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളി നടന്നത്. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് കൊടികൾ ഉപയോഗിക്കില്ലെന്ന് എം എം ഹസൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോൺഗ്രസിന്റെയോ സഖ്യകക്ഷികളുടെയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്നതാണ് പാർട്ടി തീരുമാനമെന്നാണ് ഹസൻ അറിയിച്ചത്. എന്നാൽ ഇത്തരമൊരു തീരുമാനം സ്വീകരിച്ചതിന് പിന്നിലെ കാരണം അദ്ദേഹം വെളിപ്പെടുത്തിയില്ല.