സോൾ: ആണവ പ്രത്യാക്രമണം നടത്തുന്ന മോക്ഡ്രില്ലിന് നേതൃത്വം കൊടുത്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് ഈ പരീക്ഷണം നടന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും ഉത്തരകൊറിയ നടത്തിയിരുന്നു. ജപ്പാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൂപ്പർ-ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് യൂണിറ്റുകളും ഡ്രില്ലിന്റെ ഭാഗമായിട്ടുണ്ട്. ഏകദേശം 352 കിലോമീറ്റർ അകലെയുള്ള ദ്വീപ് ലക്ഷ്യമിട്ടാണ് ഇവ വിക്ഷേപിച്ചതെന്നും, റോക്കറ്റുകൾ വിജയകരമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. റോക്കറ്റുകൾ അവയുടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതിനേയും അവയുടെ ശേഷിയേയും കിം ജോങ് ഉൻ അഭിനന്ദിച്ചതായും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
പ്യോങ്യാങിൽ നിന്ന് 300 കിലോമീറ്ററോളം ദൂരം കടന്ന് മിസൈലുകൾ കൊറിയൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്ത് വെള്ളത്തിലേക്ക് പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യവും ആരോപണം ഉയർത്തിയിരുന്നു. ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം കഴിഞ്ഞ ഒരാഴ്‌ച്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ നടത്തുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമായതിന് പിന്നാലെയാണ് സൈനികശേഷി വിപുലീകരിക്കാനുള്ള നീക്കം ഉത്തരകൊറിയ വേഗത്തിലാക്കിയത്.