ചെന്നൈ: തീവണ്ടിയിൽ വനിതാ ഗാർഡിനെ ആക്രമിച്ച് പണവും ഫോണും കവർന്നു. മലയാളിയും കൊല്ലം സ്വദേശിനിയുമായ രാഖിയെ ആക്രമിച്ചാണ് മോഷ്ടാക്കൾ വിലപിടിപ്പുള്ള രേഖകളും മറ്റും കവർന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പിടികൂടി. ഇയാളിൽ നിന്ന് മൊബൈൽഫോൺ കണ്ടെടുത്തിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്ക് ശേഷം സേലത്ത് നിന്ന് മധുരയിലേക്ക് പോയ ട്രെയിൻ കൂഡൽ നഗറിൽ നിർത്തിയപ്പോഴാണ് രണ്ട് പേർ ഇതിൽ കയറി കവർച്ച നടത്തിയത്. ഇത് തടയാൻ ശ്രമിച്ച രാഖിയെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. നെറ്റിക്ക് പരിക്കേറ്റ രാഖിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണം നടത്തിയ രണ്ടാമനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.