തിരുവനന്തപുരം: ജനം ടിവി മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് വർക്കലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം മേയറുമായി ബന്ധപ്പെട്ട വിഷയത്തിൽ വഞ്ചിയൂർ കോടതി പരിസരത്ത് കെഎസ്ആർടിസി ഡ്രൈവർ യദുവിനോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതി അതിക്രമം നടത്തിയത്. മാദ്ധ്യമപ്രവർത്തകർക്ക് ഇടയിലേക്ക് കടന്നുകയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സഹപ്രവർത്തകർ പ്രതികരിച്ചതോടെ ഇയാൾ കോടതിവളപ്പിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു.
തുടർന്നാണ് ഇയാൾക്കെതിരെ മാദ്ധ്യമപ്രവർത്തക പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഇയാളുടെ ലുക്കൗട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ എത്രയും വേഗം പിടിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടിരുന്നു.