സിഡ്നി: തന്നെ ബലാൽസംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി വനിതാ എംപി രംഗത്ത്. രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ആസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ എം.പിയായ ബ്രിട്ടാനി ലൗഗയാണ് ഈ ആരോപണം ഉന്നയിച്ചത്. ആ നഗരത്തിൽ നിരവധി സ്ത്രീകൾ സമാനമായ രീതിയിൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചു.
സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് അവർ ഈ ദുരനുഭവം വെളിപ്പെടുത്തിയത്. തന്റെ മണ്ഡലമായ യെപ്പോണിൽ വെച്ചാണ് ദുരന്തം നേരിട്ടതെന്നും എം.പി പറയുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും താനത് ഉപയോഗിക്കുന്ന ആളല്ലെന്നും ബ്രിട്ടാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
“ഈ പട്ടണത്തിൽ സമാനമായ അനുഭവം ഉണ്ടായിട്ടുള്ള നിരവധി സ്ത്രീകൾ എന്നെ ബന്ധപ്പെടുകയുണ്ടായി. ഇത്ശരിയായ കാര്യമല്ല. മയക്കുമരുന്നിന്റെയോ ലൈംഗിക ആക്രമണത്തിന്റെയോ പേടിയില്ലാതെ നഗരത്തിൽ സഞ്ചരിക്കാനും ആസ്വദിക്കാനും ഞങ്ങൾക്ക് കഴിയണം’.- ലൗഗ പറഞ്ഞു.”ശാരീരികമായും വൈകാരികമായും സുഖപ്പെടുത്താൻ” തനിക്ക് സമയം ആവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആസ്ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചതായി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. ലൗഗയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന തെരുവിൽ നിന്ന് ചിത്രീകരിച്ച ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്ന് ബ്രിടീഷ് പത്രമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബ്രിട്ടാനി ലൗഗയ്ക്കുണ്ടായ അനുഭവങ്ങൾ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ക്വീൻസ്ലാൻഡ് ഹൗസിങ് മന്ത്രി മേഗൻ സ്കാൻലോൺ പ്രതികരിച്ചു. “ബ്രിട്ടനി ഒരു സഹപ്രവർത്തകയാണ്, അവൾ ഒരു സുഹൃത്താണ്, അവൾ ക്വീൻസ്ലൻഡ് പാർലമെൻ്റിലെ ഒരു യുവതിയാണ്, ഇവ വായിക്കാൻ ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങളാണ്,” മിസ് സ്കാൻലോൺ പറഞ്ഞു. ‘ഗാർഹിക, കുടുംബ, ലൈംഗിക അതിക്രമങ്ങൾക്ക് സ്ത്രീകൾ ഇരകളാകുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ സംരക്ഷിക്കാനും അതിക്രമങ്ങൾ ഉണ്ടാകുന്നത് തടയാനും സർക്കാർ ഒപ്പമുണ്ടാകും അവർ പറഞ്ഞു.
37 കാരിയായ ബ്രിട്ടാനി ലൗഗ ക്വീൻസ്ലാൻഡ് ലേബർ പാർട്ടി എംപിയാണ്.