ഹൈദരാബാദ്: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയും തോറും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ. തെലങ്കാനയിലെ ബിജെപിയുടെ ലെറ്റ്സ് വോട്ട് ക്യാമ്പെയ്നിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെയുള്ള 17 സീറ്റുകളിൽ 15 സീറ്റുകളിലും ബിജെപി വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
” ഹൈദരാബാദിൽ വിവിധ മണ്ഡലങ്ങളിൽ സന്ദർശനം നടത്താനുള്ള അവസരം ലഭിച്ചു. ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോഴും അവിടെയുള്ള യുവാക്കളും പാർട്ടി പ്രവർത്തകരും വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ അവരെല്ലാവരും വലിയ വിശ്വാസമാണ് കാണിക്കുന്നത്.
തെലങ്കാനയിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് ഉറപ്പുണ്ട്. കുറഞ്ഞത് 15 സീറ്റുകളെങ്കിലും ഇവിടെ സ്വന്തമാക്കാനാകും. ദക്ഷിണേന്ത്യയിൽ ബിജെപി ഇക്കുറി വലിയ വിജയമാണ് നേടാൻ പോകുന്നത്. കർണാടകയിൽ 28 സീറ്റുകളും സ്വന്തമാക്കും. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്കാണ് അടുത്ത് കൊണ്ടിരിക്കുന്നത്. വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തുണ്ടായ വികസനങ്ങൾ അവർ കാണുന്നുണ്ടെന്നും” തേജസ്വി സൂര്യ വ്യക്തമാക്കി.
സത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി മാധവി ലത മത്സരത്തോട് പ്രതികരിച്ചത്. എഐഎംഐഎം നേതാവ് അസദുദ്ദീന്
ഒവൈസി ആണ് മണ്ഡലത്തിൽ മാധവി ലതയുടെ എതിരാളി. ” കടുത്ത ചൂടിനോ മഴയ്ക്കോ ഒന്നും ഞങ്ങളെ തടയാനാകില്ല. സത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുക തന്നെ തന്നെ ചെയ്യും. വലിയ ആവേശത്തോടെ തന്നെയാണ് ഓരോ പ്രവർത്തകരും മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. 400 സീറ്റുകൾ എന്ന ലക്ഷ്യം ഇക്കുറി മറികടക്കുമെന്നും” മാധവി ലത പറഞ്ഞു.